16 May Sunday

കേരളത്തിലെത്തുമ്പോള്‍ അമിത്ഷാക്കും രാഹുല്‍ ഗാന്ധിക്കും ഒരേ ശബ്ദം: എസ്ആര്‍പി

വെബ് ഡെസ്‌ക്‌Updated: Thursday Apr 1, 2021

കാസര്‍കോട് > കേരളത്തിലെത്തുമ്പോള്‍ അമിത് ഷാക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും ഒരേ ശബ്ദമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.ഇടതുപക്ഷ വിരുദ്ധതയാണ്  കോണ്‍ഗ്രസ്  നേതാക്കളെ കേരളത്തിലെത്തുമ്പോള്‍ നയിക്കുന്നത്.  കേരളത്തിന് പുറത്തു ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രിയമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ എത്തിയാല്‍  ഇരട്ടത്താപ്പ് പുറത്തെടുക്കുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തെ ആധുനിക വിജ്ഞാന സമൂഹമായി വളര്‍ത്താനുള്ള കാഴ്ചപാട്  അവതരിപ്പിച്ചാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് തേടുന്നത്.  യുഡിഎഫിനും എന്‍ഡിഎക്കും വികസന-- സാമൂഹ്യ ക്ഷേമകാര്യങ്ങളില്‍ കാഴ്ചപാടുകളേയില്ല. പകരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ സൃഷ്ടിക്കുന്ന തിരക്കഥമേല്‍ പുകമറ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രിയാവശ്യത്തിനുപയോഗിക്കുന്നത്  രാജ്യത്തെ ജനാധിപത്യത്തിന് വലിയ ഭീഷണിയാവുകയാണ്.   തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചരിത്രത്തിലാദ്യമാണ്.  രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയത് അതിന്റെ ഉദാഹരണമാണ്. 

സ്വര്‍ണക്കടത്ത് കസറ്റംസ്അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഒമ്പതുമാസം പിന്നിട്ടു.  സര്‍ക്കാരിനെതിരെ ദുരാരോപണം ഉന്നയിക്കുകയല്ലാതെ അന്വേഷണം പുരോഗമിച്ചോ.   കള്ളകടത്തായി വന്ന സ്വര്‍ണം അയച്ചവരെയും കൊണ്ടുപോയവരെയും കണ്ടെത്തിയോ.  ഇപ്പോഴും സ്വര്‍ണകടത്ത് തുടരുകയല്ലേ .  വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നത് കസ്റ്റംസ് അടക്കമുള്ള കേന്ദ്രഏജന്‍സികളല്ലേ. കഥ രചിച്ചു പ്രചരിപ്പിക്കുകയാണോ ഈ ഏജന്‍സികളുടെ ചുമതല.

തീരെ ജനാധിപത്യമില്ലാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. നെഹ്റു കുടുംബം നിയോഗിച്ചവരല്ലാതെ കോണ്‍ഗ്രസ് ഭാരവാഹികളില്‍ ആരെങ്കിലും  തെരഞ്ഞെടുക്കപ്പെട്ടവരുണ്ടോ.    കുടുംബാധിപത്യത്തിനെതിരെ പ്രതികരിച്ച 23 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ്.   ശബ്ദിച്ചാല്‍  ആന്റണിയും തല്‍സ്ഥാനത്തുണ്ടാവില്ല.  ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ബംഗാളില്‍ ഇടതുപക്ഷം നിലമെച്ചപ്പെടുത്തും.

കേരളത്തില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അഖിലേന്ത്യ തലത്തില്‍  ബിജെപിക്കെതിരെയുള്ളപോരാട്ടത്തിന് ശക്തിപകരും. ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുടെ പുതിയ ബദല്‍ ഉയര്‍ന്നുവരും. അതില്‍ ഇടതുപക്ഷത്തിനായിരിക്കും മുഖ്യ റോളെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവരും പങ്കെടുത്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. കെ വി പത്മേഷ്സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top