തിരുവനന്തപുരം
രാഷ്ട്രീയ നേട്ടത്തിനായുള്ള അപവാദ പ്രചാരണം വേദനിപ്പിച്ചെന്നും കേരളത്തിൽ ഇനി പുതിയ പദ്ധതികൾ ഏറ്റെടുക്കില്ലെന്നും എസ്‌ആർഐടി സിഇഒ ഡോ. മധു നമ്പ്യാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെക്കുറിച്ച് പറഞ്ഞുകേട്ടിരുന്ന പ്രശ്‌നങ്ങളൊന്നും പദ്ധതി പൂർത്തിയാക്കുന്നതുവരെ ഉണ്ടായില്ല. സർക്കാരിൽനിന്ന് മികച്ച പിന്തുണ ലഭിച്ചു. പദ്ധതി പൂർത്തിയാക്കിയശേഷം ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും അപവാദം പ്രചരിപ്പിച്ചു. ഇതിനിടയിൽ ആരും ഞങ്ങളെ ബന്ധപ്പെടുകയോ അഭിപ്രായം തേടുകയോ ചെയ്‌തില്ല. പദ്ധതി സംബന്ധിച്ച രേഖകൾ നൽകാനും സംശയങ്ങൾക്ക് മറുപടി നൽകാനും തയ്യാറായിരുന്നു. 850 കോടിയോളം രൂപ ചെലവിടുന്ന മറ്റൊരു പദ്ധതികൂടി ആലോചനയിലുണ്ടായിരുന്നു. ഇനി അതിനില്ല.
ലാഭം 10 ശതമാനത്തിൽ
താഴെമാത്രം
എസ്‌ആർഐടി കൊള്ളലാഭം നേടുന്നുവെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. ആകെ ലാഭം 10 ശതമാനത്തിൽ താഴെമാത്രമാണ് പ്രതീക്ഷിച്ചത്. 151 കോടിയുടെ പദ്ധതിയിൽ ഏഴു വർഷത്തിനുശേഷം ലഭിക്കുന്ന പ്രതീക്ഷിച്ച ലാഭം 13 കോടി രൂപ മാത്രമാണ്. അതിലും കുറവുവരും. 100 കോടിയിലധികം പദ്ധതിക്കായി മുൻകൂറായി നിക്ഷേപിച്ചു. 23 കോടി സർക്കാരിന് ജിഎസ്‌ടി ഇനത്തിലും ആറു കോടി കെൽട്രോണിന് സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകി.
അൽഹിന്ദും ലൈറ്റ്
മാസ്റ്ററും പങ്കാളിയല്ല
പദ്ധതിക്കായി കരാർ ലഭിച്ചശേഷം പ്രസാഡിയോയും അൽഹിന്ദും ചേർന്ന് എസ്‌ആർഐടിയെ സമീപിച്ചു. പദ്ധതിയിൽ ചേർന്നു പ്രവർത്തിക്കുന്നതിനുള്ള താൽപ്പര്യം അറിയിച്ച് കരാർവച്ചു. സാങ്കേതിക കാരണം പറഞ്ഞ് അൽഹിന്ദ് പിന്മാറി. പിന്നീട് ലൈറ്റ് മാസ്റ്റർ എന്ന കമ്പനി വന്നു. ഫണ്ട് ക്രമീകരിക്കാൻ കഴിയാത്തതിനാൽ ആ കരാറും റദ്ദാക്കി. തുടർന്ന് എസ്‌ആർഐടിയുടെ ഫണ്ടിങ് പങ്കാളിയായ ഇ സെൻട്രിക് എത്തുകയും പദ്ധതി വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു.
മുഖ്യമന്ത്രിയുടെ
ബന്ധുവിന് പങ്കാളിത്തമില്ല
മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പേര് കേൾക്കുന്നത് വിവാദത്തിൽ ആ പേര് ഉയർന്നതിനുശേഷമാണ്. വിവാദം ഉയർന്നശേഷം പ്രസാഡിയോയുമായി ബന്ധപ്പെട്ടു. കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമില്ലെന്ന് അവർ അറിയിച്ചു. ഒരു യോഗത്തിലും മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടില്ല.
തന്റെ കണ്ണൂർ ബന്ധത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങൾക്കും അദ്ദേഹം മറുപടി നൽകി. താൻ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. 14–-ാം വയസ്സിലാണ് ആദ്യമായി കണ്ണൂരിൽ വന്നത്. തുടർന്ന് വല്ലപ്പോഴുമാണ് കണ്ണൂരിൽ വന്നിരുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയില്ല. എന്നാൽ, സംസാരിക്കാൻ അച്ഛനും അമ്മയും പഠിപ്പിച്ചിരുന്നതായും മധു നമ്പ്യാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..