Deshabhimani

ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 10:22 AM | 0 min read

കൊച്ചി > കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി വിശ്വസനീയമെന്ന് പൊലീസ്. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ഇരുവർക്കും ​ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.

ഇരുതാരങ്ങളും ആഡംബര ഹോട്ടലിൽ എത്തിയത് പുലർച്ചെ നാല് മണിക്കാണ്. ഏഴ് മണിവരെ അവിടെ തങ്ങി. ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണ് ഹോട്ടലിൽ പോയതെന്നും വിശ്രമിക്കാനായി ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നുമാണ് പ്രയാഗ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഹോട്ടലിൽ മറ്റ് ആരൊക്കെ ഉണ്ടായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു. ഓംപ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും നടി വ്യക്തമാക്കി. രാവിലെ അവിടെ നിന്നും കോഴിക്കോട്ടേക്ക് പോയി. വാർത്തകൾ വന്നതിനെ തുടർന്ന് ​ഗൂ​ഗിൾ ചെയ്തു നോക്കിയപ്പോഴാണ് ഓംപ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പൊലീസിനോട് പറഞ്ഞു. പ്രയാഗയുടെ മൊഴിയിൽ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നാണ് പൊലീസിന്റെ നി​ഗമനം.

എന്നാൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. ഇരുവരുടെയും മൊഴി റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ ഇരുവരെയും വീണ്ടും വിളിപ്പിക്കും. ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത് അന്വേഷിക്കും. അതിനിടെ പ്രയാ​ഗയെ കൂടാതെ മറ്റൊരു നടികൂടി ഹോട്ടലിൽ എത്തിയതായി പൊലീസിന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിവരം ലഭിച്ചെന്നും ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home