24 October Sunday

മനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയും; ഗുരു ആധുനികതയിലേയ്ക്ക്‌ വഴികാട്ടിയ മഹാത്‌മാവ്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

തിരുവനന്തപുരം > ജാതിമത വേർതിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീർത്ത അന്ധകാരത്തിൽ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ശ്രീനാരായണ ഗുരു എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

മനുഷ്യൻ എന്ന സത്തയെ അദ്ദേഹം മറ്റെല്ലാത്തിനും മുകളിൽ ഉയർത്തിപ്പിടിച്ചു. ആ സത്തയെ അപ്രസക്തമാക്കുന്ന ജാതി - ജന്മിത്വ വ്യവസ്ഥകളുടെ അടിത്തറയായ ബ്രാഹ്‌മണ്യവും മതവർഗീയവാദ ആശയങ്ങളും അദ്ദേഹത്തിൻ്റെ തത്വചിന്തയുടെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമായി. ആ ആശയങ്ങളേറ്റേടുത്ത് മനുഷ്യത്വമെന്ന ഏറ്റവും മഹത്തായ സങ്കല്‌പത്തിൻ്റെ സാക്ഷാൽക്കാരത്തിനായി കേരളീയർ സടകുടഞ്ഞെണീറ്റതിൻ്റെ ഫലമാണ് ഇന്ന് നാം ജീവിക്കുന്ന കേരളം.

ഗുരു വിഭാവനം ചെയ്‌ത ഒരു സമൂഹമായി മാറാൻ ഇനിയും നമ്മളൊരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു പ്രതിബന്ധങ്ങളായി വർഗീയവാദ ചിന്താധാരകളും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും നമുക്ക് മുന്നിൽ ലജ്ജയുളവാക്കും വിധം ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. നാം ഇത്രയും കാലം താണ്ടിയ മാനവികതയുടെ പന്ഥാവിൽ നിന്നും ഒരു തിരിഞ്ഞു നടത്തം ഉണ്ടായിക്കൂടാ. മനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയും എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട അവസരമാണിത്. നമ്മുടെ ഐക്യത്തെ ശിഥിലീകരിക്കാൻ ഒരു സങ്കുചിത താൽപപര്യങ്ങളേയും അനുവദിച്ചുകൂടാ.

അതിനു കഠിനമായ പരിശ്രമം ആവശ്യമാണ്. ആ കടമ നിറവേറ്റാൻ ഉള്ള ഊർജ്ജം എക്കാലവും നമ്മിലേയ്ക്ക് പകരാൻ പര്യാപ്‌തമാണ് ശ്രീനാരായണ ഗുരുവിൻ്റെ ചിന്തകളും അദ്ദേഹത്തിൻ്റെ സമരചരിത്രവും. അതെല്ലാം ഹൃദയത്തിലേറ്റേടുത്തുകൊണ്ട് നാടിൻ്റെ പൊതുനന്മയ്ക്കായി ഒരുമിച്ച് നിൽക്കുമെന്ന് ഈ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം. ആ ഐക്യം നമ്മുടെ നാടിനെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കട്ടെ എന്നും ഗുരു സമാധി ദിനത്തിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top