03 August Monday
ക്ഷേത്രഭരണം നല്ല നിലയിൽ നടക്കുന്നുണ്ടെന്നും അതിൽ ഇടപെടേണ്ടതില്ലെന്നുമാണ്‌ എൽഡിഎഫ്‌ സർക്കാർ കോടതിയെ അറിയിച്ചത്‌

ക്ഷേത്രഭരണാവകാശം സർക്കാർ ഉന്നയിച്ചിട്ടില്ല; തിരിച്ചടിയെന്ന പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെ

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020

തിരുവനന്തപുരം > പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണാവകാശം ഒരിക്കൽപ്പോലും ഉന്നയിക്കുകയോ അതിനായി വാദിക്കുകയോ ചെയ്യാതിരുന്നിട്ടും  സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന്‌ തിരിച്ചടിയെന്ന പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെ. വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവരാണ്‌ ഗൂഢലക്ഷ്യവുമായി രംഗത്തെത്തിയത്‌.

ക്ഷേത്രത്തിലെ നിധി ശേഖരം തിട്ടപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ആദ്യമായി കോടതിയെ സമീപിച്ചത്‌ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥനായ ടി പി സുന്ദർരാജനാണ്‌. ഗുരുവായൂർ മാതൃകയിൽ ഭരണസംവിധാനമുണ്ടാക്കണമെന്നും ക്ഷേത്രം സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തുവകുപ്പിന് നിർദേശം നൽകണം എന്നുമായിരുന്നു സുന്ദരരാജന്റെ ആവശ്യം. ക്ഷേത്രം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്നും സുന്ദരരാജൻ ആരോപിച്ചു.

തുടർന്ന് ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി. ക്ഷേത്രഭരണം നല്ല നിലയിൽ നടക്കുന്നുണ്ടെന്നും അതിൽ ഇടപെടേണ്ടതില്ലെന്നുമാണ്‌ അന്ന്‌ എൽഡിഎഫ്‌ സർക്കാർ നിലപാട്‌ അറിയിച്ചത്‌. എന്നാൽ, സംസ്ഥാന സർക്കാർ നിലപാട് നിയമപരമല്ലെന്ന് കോടതി വിമർശിച്ചു. ഭരണഘടനയുടെ 366–-ാം അനുച്ഛേദ പ്രകാരം ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലശേഷം രാജാവ് എന്ന പദവിയുടെ അർഹത സർക്കാരിനാണ് എന്നും കോടതി നിരീക്ഷിച്ചു.  ക്ഷേത്രം സ്വകാര്യക്ഷേത്രം അല്ലെന്നും കോടതി വ്യക്തമാക്കി. നിയമാനുസൃത ട്രസ്റ്റോ ഭരണസമിതിയോ ഉണ്ടാക്കി സംസ്ഥാന സർക്കാർ മൂന്ന് മാസത്തിനകം ക്ഷേത്രം ഏറ്റെടുക്കണം എന്ന്‌ 2011 ജനുവരിയിൽ ഹൈക്കോടതി വിധിച്ചു.
എന്നാൽ,  ഉത്രാടംതിരുനാൾ മാർത്താണ്ഡ വർമ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു.

ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായും നിയമിച്ചു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണസമിതി സുപ്രീംകോടതി രൂപീകരിച്ചത്‌.  ഈ സമിതിയാണ് നിലവിൽ ക്ഷേത്രഭരണം നിർവഹിക്കുന്നത്. സർക്കാർ ക്ഷേത്രഭരണത്തിൽ ഇടപെടുകയോ അവകാശവാദം ഉന്നയിക്കുകയോ ചെയ്‌തിട്ടില്ല. മാത്രമല്ല, ക്ഷേത്രസുരക്ഷയ്‌ക്കായി മാസംതോറും ലക്ഷങ്ങളാണ്‌ സർക്കാർ ചെലവിടുന്നതും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top