പാലക്കാട് വൻ സ്‌പിരിറ്റ് വേട്ട; 3,500 ലിറ്റർ സ്‌പിരിറ്റുമായി 5 പേർ അറസ്റ്റിൽ
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
കൊടുമ്പ് > ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വ്യാജമദ്യ നിർമാണത്തിന് എത്തിച്ച 3,500 ലിറ്റർ സ്‌പിരിറ്റുമായി അഞ്ച് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മിനി ലോറിയിൽ കാലിത്തീറ്റ ചാക്കുകൾക്ക് അടിയിലും കാറുകളിലുമായി ഒളിപ്പിച്ചുകടത്തിയ സ്‌പിരിറ്റാണ് പിടിച്ചത്. വണ്ണാമട ആറാംമൈൽ സ്വദേശി എസ് ബിനു (32), കൊടുമ്പ് മിഥുനംപള്ളം പറക്കാട് വി പ്രജിത്ത് മിഥുൻ (37), കൊച്ചി നോർത്ത് പറവൂർ സ്വദേശികളായ വടക്കേക്കര മുറുവൻ തുരുത്ത് പുത്തൻപറമ്പിൽ പി എം വിനോദ് (56), ഗോതുരുത്ത് പോസ്റ്റ് കല്ലറയ്ക്കൽ കെ എസ് വിജു (52), പറവൂർത്തറ മന്ദം പോസ്‌റ്റ് പുത്തേടത്ത് പി ജി പ്രദീപ് (47) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പാലക്കാട് സൗത്ത് പൊലീസുംചേർന്ന് ദേശീയപാതയിലും പാലക്കാട്–--പൊള്ളാച്ചി സംസ്ഥാനാന്തരപാത കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് പിടിച്ചത്.
കാറിന്റെ ഡിക്കിക്കുള്ളിലും മിനിലോറിയിൽ കാലിത്തീറ്റ ചാക്കുകൾക്ക് അടിയിലുമാണ് സ്‌പിരിറ്റ് കന്നാസുകൾ സൂക്ഷിച്ചിരുന്നത്. ഞായർ പുലർച്ചെ രണ്ടിന് എലപ്പുള്ളി പാറഭാഗത്ത് വാഹന പരിശോധനയിലായിരുന്ന ഉദ്യോഗസ്ഥ സംഘത്തെ വെട്ടിച്ചുപാഞ്ഞുപോയ മിനിലോറിയും കാറുകളും അംബുജം സ്‌റ്റോപ്പിലെ ഒഴിഞ്ഞ പറമ്പിൽ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. പ്രതികളുടെ ഫോണുകളിൽ വിദേശമദ്യ സ്‌റ്റിക്കറുകളും ഹോളോഗ്രാമുകളും നിർമിക്കുന്നതിനുള്ള ഓർഡറുകളുടെ ഫോട്ടോകളും കണ്ടെത്തി. പ്രദീപ്, ബിജു, വിനോദ് എന്നിവർ നേരത്തെ സ്‌പിരിറ്റ് കേസുകളിൽ പ്രതികളായവരാണ്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള തോപ്പിൽ കള്ള് ഉൽപ്പാദിപ്പിച്ച് ഇതിൽ സ്‌പിരിറ്റ് കലക്കി വിപണനം നടത്തിയിരുന്നെന്നും തുടരന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ എ ആദംഖാൻ, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ശശിധരൻ, എസ്ഐ കെ ജെ പ്രവീൺ, എസ്ഐ എച്ച് ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ കേസിന്റെ പശ്ചാത്തലത്തിൽ ക്രിസ്‌മസ് -ന്യൂയർ സ്‌പെഷ്യൽ ഡ്രൈവ് ഊർജിതമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.
Related News
![ad](/images/odepc-ad.jpg)
0 comments