സൗരോർജത്തിൽ കുതിച്ച്‌ കേരളം ; ആറ്‌ വർഷത്തിനുള്ളിൽ സൗരോർജ വൈദ്യുതശേഷി
 3000 മെഗാവാട്ടായി ഉയർത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:26 PM | 0 min read


തിരുവനന്തപുരം
കെഎസ്‌ഇബിക്ക്‌ കീഴിൽ വിവിധ സൗരോർജ പദ്ധതികളിലൂടെ കേരളം കൈവരിച്ചത്‌ 1051.42 മെഗാവാട്ട്‌ വൈദ്യുതശേഷി. സൗരോർജ സ്ഥാപിതശേഷിയിൽ രാജ്യത്ത്‌ മൂന്നാം സ്ഥാനത്തുള്ള കേരളം കഴിഞ്ഞ മൂന്നു വർഷത്തിലാണ്‌  വൻ കുതിച്ചുചാട്ടം നടത്തിയത്‌. സംസ്ഥാനത്ത്‌  ഈ സാമ്പത്തികവർഷം വിവിധ പുനരുപയോഗ ഊർജ സ്രോതസ്സുകൾവഴി ഉൽപ്പാദിപ്പിച്ചത്‌ 3419 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. ഇതിൽ കൂടുതൽ സംഭാവനയും 972 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി സംഭാവനചെയ്‌ത സൗരോർജ പദ്ധതികളുടേത്‌.  കഴിഞ്ഞ സാമ്പത്തിക വർഷം 765 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. അടുത്ത ആറുവർഷത്തിനകം പുരപ്പുറ സൗരോർജശേഷി 3000 മെഗാവാട്ടായി ഉയർത്തുകയാണ്‌ ലക്ഷ്യം. നിലവിൽ 90 ശതമാനം സൗരോർജ വൈദ്യുതിയും ഗാർഹിക ആവശ്യത്തിനാണ്‌ ഉപയോഗിക്കുന്നത്‌.  മൂന്ന്‌ ശതമാനം മാത്രം കൃഷിക്കും മറ്റ്‌ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

സൗരോർജ പാനൽ സ്ഥാപിക്കാൻ കെഎസ്‌ഇബി ഫണ്ടും സബ്‌സിഡിയും നൽകുന്നുണ്ട്‌. പുരപ്പുറ പാനലുകൾക്കുപുറമേ ഭൗമോപരിതല, ഫ്ലോട്ടിങ് സൗരോർജ പ്ലാന്റുകളിലൂടെയാണ്‌ ഉൽപ്പാദനം. പകൽസമയം ഉണ്ടാക്കുന്ന അധിക വൈദ്യുതി സംഭരിക്കാൻ അടുത്ത അഞ്ച്‌ വർഷത്തിൽ ബാറ്ററി എനർജി സ്റ്റോറേജ്‌ സിസ്റ്റം(ബെസ്‌) സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കെഎസ്‌ഇബി. 3300 മെഗാവാട്ട്‌ ശേഷിയുള്ള ബെസ്‌ 15 മാസംകൊണ്ട്‌ സ്ഥാപിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. ഒരു മെഗാവാട്ട്‌ സ്ഥാപിക്കാൻ 3.5 കോടിയാണ്‌ ചെലവ്‌.

പണം സ്വരൂപിക്കാൻ റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ്‌ കേരള ലിമിറ്റഡ്‌ എന്ന എസ്‌പിവി രൂപീകരിച്ച്‌ ഗ്രീൻ എനർജി കമ്പനി ആക്കി മാറ്റും. രാത്രി  വൈദ്യുതി പുറത്തുനിന്ന്‌ വലിയ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം മറികടക്കാനാണിത്‌.  വൈദ്യുതി ഉൽപ്പാദനകേന്ദ്രത്തിൽത്തന്നെ പൂർണമായി ഉപയോഗിക്കുന്ന ഓഫ്‌ ഗ്രിഡ്‌ രീതിയിലായിരുന്നു നേരത്തെ സോളാർ സംവിധാനം. 2021ലാണ്‌ സൗർരോർജ മിച്ചവൈദ്യുതി കെഎസ്‌ഇബി‌ വാങ്ങാൻ ആരംഭിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home