19 June Wednesday

5 മാസത്തെ ക്ഷേമ പെൻഷൻ അടുത്ത മാസം ; വർധിപ്പിച്ച നിരക്കിലുള്ള പെൻഷൻതുക മൂൻകൂർ

സ്വന്തം ലേഖകൻUpdated: Friday Feb 15, 2019

അഞ്ചുമാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷനുകൾ മാർച്ചിൽ വിതരണം ചെയ്യും. വർധിപ്പിച്ച നിരക്കിലുള്ള പെൻഷൻതുകയും ഇതോടൊപ്പം മുൻകൂറായി നൽകാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ഈ ഏപ്രിൽ വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനും മാർച്ച് മൂന്നാം വാരത്തോടെയാണ‌് ലഭിക്കുക. വർധിപ്പിച്ച പ്രതിമാസ പെൻഷൻ തുകയായ 1200 രൂപ ഏപ്രിൽ മുതലാണ‌് നടപ്പാകുന്നത‌്.  

ഇതാണ‌് മുൻകൂറായി മാർച്ചിൽ നൽകുന്നത‌്. സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ 100 രൂപ വർധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

68 കോടി രൂപയാണ‌് അഞ്ചുമാസത്തെ പെൻഷൻ നൽകാനുള്ള ചെലവ്. 52 ലക്ഷം പേർക്കാണ‌് പെൻഷന‌് അർഹതയുള്ളത‌്.
നിലവിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു പെൻഷൻ ലഭിക്കുന്നതിന് അർഹത പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കില്ല.  സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കൾക്കെല്ലാം അടുത്ത ഗഡു പെൻഷൻ ലഭിക്കും.


പ്രധാന വാർത്തകൾ
 Top