25 August Sunday

യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസെന്ന പേരില്‍ കലോത്സവ രജിസ്‌ട്രേഷന്‍ ഫോമുമായി മാതൃഭൂമി; ട്രോളുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

കൊച്ചി > യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെടുത്ത കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിനെ പരീക്ഷ ഉത്തരക്കടലാസാക്കി മാതൃഭൂമി ദിനപത്രം. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാപേജിലെ പ്രധാന വാര്‍ത്തയിലാണ് കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രമടങ്ങിയ വാര്‍ത്ത ഉത്തരക്കടലാസാക്കി നല്‍കിയത്.

ഫെബ്രുവരി 22, 2019 ദിനത്തില്‍ പൂരിപ്പിച്ച ഫോമില്‍ സെക്ഷന്‍ ഏതെന്ന സ്ഥലത്ത്  മ്യൂസിക് എന്നും പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കോളത്തില്‍ സോളോ എന്നും പൂരിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ നടന്ന കലോല്‍സവത്തിന്റെ രജിസ്‌ട്രേഷന്‍ ഫോമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷ കൃത്രിമ വുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ തെളിവായി മാതൃഭൂമി ദിനപത്രത്തില്‍ നല്‍കിയത്. വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ്  ഉയരുന്നത്.

ഉത്തരക്കടലാസിനെക്കുറിച്ച് വിശദമായ വാര്‍ത്ത യാണുള്ളത്‌. യൂണിയന്‍ ഓഫീസിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍, എസ്എഫ്ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാട്ടാന്‍ വേണ്ടിയെന്ന് സംശയം എന്നിങ്ങനെയാണ് വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ പത്രം പറഞ്ഞിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്ത നല്‍കാനുള്ള മാതൃഭൂമിയുടെ തിടുക്കത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തുടരുന്നത്



'നിങ്ങളൊരു ജേര്‍ണലിസ്റ്റാണോ? സ്വന്തം റിപ്പോര്‍ട്ടിങ്ങില്‍ തൃപ്തിയില്ലാത്ത ആളാണോ? നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ അങ്ങോട്ടു കൊള്ളുന്നില്ല എന്നു തോന്നാറുണ്ടോ? വിഷമിക്കണ്ട.. വാര്‍ത്തകള്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കേണ്ടതെങ്ങനെയെന്നു ശാസ്ത്രീയമായി കാണിക്കുകയാണ് മാതൃഭൂമി ദിനപ്പത്രം. (ശാസ്ത്രീയ ജീര്‍ണ്ണലിസത്തെപ്പറ്റി അറിയാന്‍ താല്പര്യമുള്ളവരും താഴെക്കാണുന്ന ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കുക) യൂത്ത്ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമുകള്‍ എങ്ങനെയാണ് ശാസ്ത്രീയമായി യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളായി മാറ്റുന്നതെന്നതിന്റെ 'മാറൂമി' വേര്‍ഷന്‍...' എന്നാണ് ഗോകുല്‍ രത്നാകര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്.



 മാധ്യമപ്രവര്‍ത്തകനാവാന്‍ പള്ളിക്കൂടത്തില്‍ പോണംന്ന് ഒരു നിര്‍ബ്ബന്ധോം ഇല്ല,എഴുതാനും വായിക്കാനും പഠിച്ചാമതി.പക്ഷേ മിനിമം മൂട്ടേടെ ബുദ്ധിയെങ്കിലും വേണം.ഗ്രൂപ്പായും സോളോ ആയും എഴുതാവുന്ന പരൂക്ഷാപേപ്പര്‍ കണ്ടെത്തിയ മഹാനുഭാവാ അങ്ങാരായാലും അങ്ങേയ്‌ക്കെന്റെ നമോവാകം.

(വാര്‍ത്ത വായിച്ചിട്ട് വിവരദോഷംകൊണ്ടെഴുതിയതാണെന്ന് തോന്നുന്നില്ല,കുബുദ്ധിതന്നെയാണ്.). മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top