09 October Wednesday

ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണവുമായി സാമൂഹ്യനീതി വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

തിരുവനന്തപുരം> ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി  -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കിവരുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ച് അർഹരായ ഗുണഭോക്താക്കാർക്ക്  അഞ്ചു മാസത്തെ ധനസഹായം അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയിൽ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ലഭ്യമാക്കിയ അർഹരായ 26765 പേർക്കാണ് അഞ്ചു മാസത്തെ ധനസഹായം അനുവദിച്ചത്. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖേന ധനസഹായം വിതരണം ആരംഭിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ 5293 പേർക്ക് അഞ്ചു കോടിയുടെ ധനസഹായം നൽകുന്നതിനും നടപടികൾ പൂർത്തിയായതായി - മന്ത്രി  പറഞ്ഞു.

മുഴുവൻ സമയ പരിചാരകരുടെ സേവനം ആവശ്യമായവിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ‘ആശ്വാസകിരണം’. ശയ്യാവലംബരായവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, ഓട്ടിസവും സെറിബ്രൽ പാൾസിയുമുള്ളവർ,  നൂറു ശതമാനം കാഴ്ചപരിമിതിയുള്ളവർ തുടങ്ങി പൂർണസമയവും ദൈനംദിന കാര്യങ്ങൾക്കായി പരസഹായം വേണ്ടി വരുന്നവരുടെ പരിചാരകരാണ് ‘ആശ്വാസകിരണം’ ഗുണഭോക്താക്കൾ.  

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനുവേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ‘സ്നേഹസാന്ത്വനം’ പദ്ധതി പ്രകാരം 1200, 1700, 2200 രൂപ നിരക്കിലാണ് പ്രതിമാസ ധനസഹായം നൽകിവരുന്നത്. കാസർഗോഡ് ജില്ലാ കലക്ടർ അംഗീകരിച്ച് നൽകിയ ദുരിതബാധിതരുടെ പട്ടിക പ്രകാരം ദീർഘകാലചികിത്സ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളിൽ കഴിയുന്നവരുമായവരിൽ നിന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും ഭിന്നശേഷി പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിത ബാധിതരായ മറ്റുള്ളവർക്ക് 1200 രൂപയും വീതം പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സ്നേഹസാന്ത്വനം പദ്ധതി.

ഇതിനുപുറമെ, സ്പെഷ്യൽ ആശ്വാസകിരണം പദ്ധതി പ്രകാരം എൻഡോസൾഫാൻ ദുരിത ബാധിതരെ പരിചരിക്കുന്നവർക്ക്  700 രൂപ നിരക്കിൽ നൽകുന്ന പ്രതിമാസ ധനസഹായം 775 പേർക്കും അനുവദിച്ചതായും - മന്ത്രി അറിയിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top