Deshabhimani

കുട്ടികളോട്‌ പറയാം, 
സേഫല്ല സ്‌നാപ്‌ചാറ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 02:08 AM | 0 min read


കൊച്ചി
‘എന്റെ നഗ്നഫോട്ടോകൾ അയാളുടെ കൈയിലുണ്ട്‌. അത്‌ കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നു പറഞ്ഞ്‌ അയാൾ പണം ചോദിച്ച്‌ ഭീഷണിപ്പെടുത്തുന്നു. മാതാപിതാക്കളോട്‌ പറയാൻ പേടിയാണ്‌. എന്നെ സഹായിക്കണം’. കൊച്ചി നഗരത്തിലെ പത്താംക്ലാസുകാരി സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റിലെ സുഹൃത്തിനെക്കുറിച്ച്‌ സൈബർ സുരക്ഷാ വിദഗ്‌ധനോട്‌ ഫോണിൽ പറഞ്ഞ വാക്കുകളാണിത്‌. സ്‌നാപ്ചാറ്റിൽ കൂട്ടുകാരനായ അജ്ഞാതൻ ആദ്യം മാന്യനായിരുന്നു. പെൺകുട്ടിയുടെ ഫോട്ടോകൾ അവൻ ചോദിച്ചുവാങ്ങി. തുടർന്ന്‌ മോർഫ്‌ ചെയ്‌ത്‌ നഗ്നചിത്രങ്ങളുണ്ടാക്കി. ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. മാതാപിതാക്കളെ ഉടൻ വിവരം അറിയിക്കാൻ സൈബർ വിദഗ്‌ധൻ കുട്ടിക്ക്‌ നിർദേശം നൽകി.

സ്‌കൂൾകുട്ടികൾ കൂടുതൽ ഉപയോഗിക്കുന്ന സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റിലും സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറുകയാണ്‌. ചിത്രങ്ങളും വീഡിയോകളും എളുപ്പം പങ്കുവയ്‌ക്കാവുന്ന സ്‌നാപ്ചാറ്റ്‌ സ്‌കൂൾകുട്ടികളുടെയടക്കം പ്രിയപ്പെട്ട ആപ്പാണ്‌. ഗെയിമുകൾ അടക്കമുള്ളവയുടെ വിവരങ്ങൾ പങ്കുവയ്‌ക്കാനും ഇത്‌ ഉപയോഗിക്കുന്നു. ഇതിൽ കള്ളപ്പേരുകളിൽ വന്ന്‌ കൂട്ടുകാരനായി നടിച്ച്‌ പിന്നീട്‌ ഭീഷണി മുഴക്കുന്ന സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടി. ഇത്തരം ചതിക്കുഴികളിൽ വീഴുന്ന കുട്ടികളുടെ എണ്ണം വർധിച്ചതായി സൈബർ സുരക്ഷാ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറഞ്ഞു. കുട്ടികൾ സ്‌നാപ്‌ചാറ്റ്‌ ഉപയോഗിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ഇടയ്‌ക്ക്‌ പരിശോധിക്കണമെന്നും ഇതിലെ ചതിക്കുഴികളെക്കുറിച്ച്‌ കുട്ടികളെ ബോധവൽക്കരിക്കണമെന്നും ജിയാസ്‌ ജമാൽ പറഞ്ഞു.

യഥാർഥ കൂട്ടുകാരെ ആഡ്‌ ചെയ്യാം
പരിചയമുള്ള യഥാർഥ കൂട്ടുകാരെമാത്രം സ്‌നാപ്‌ചാറ്റിൽ ആഡ്‌ ചെയ്യുക. പരിചയമില്ലാത്തവരുടെ റിക്വസ്റ്റ്‌ തള്ളുക. നിങ്ങളുടെയോ വീട്ടുകാരുടെയോ വീഡിയോകളോ ചിത്രങ്ങളോ സ്‌നാപ്‌ചാറ്റിലെ അജ്ഞാതസുഹൃത്തുക്കൾക്ക്‌ അയച്ചുകൊടുക്കരുത്‌. സ്‌നാപ്‌ചാറ്റിലെ കൂട്ടുകാർ പരിധിവിട്ട്‌ തുടങ്ങിയാൽ ഉടൻ മാതാപിതാക്കളെയോ അധ്യാപകരെയോ അറിയിക്കാം. പ്രശ്‌നം ഗുരുതരമാണെങ്കിൽ പൊലീസിലും.

 



deshabhimani section

Related News

View More
0 comments
Sort by

Home