05 April Sunday

‘ലൈൻ’ പൊട്ടിയാൽ പൊലിയില്ല ജീവൻ; പുതിയ സംരക്ഷണ ഉപകരണം നടപ്പാക്കാനൊരുങ്ങി കെഎസ്‌ഇബി

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Wednesday Feb 26, 2020


വൈദ്യുതിക്കമ്പി പൊട്ടിവീണ്‌ ജീവൻ പൊലിയുന്നത്‌ തടയാൻ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന്‌ ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാൻ പുതിയ സംരക്ഷണ ഉപകരണമാണ്‌ നടപ്പാക്കുന്നത്‌. സ്‌മാർട്‌സ്‌ എംസിസിബി (മോൾഡഡ്‌ കേസ്‌ സർക്യൂട്ട്‌) ബ്രേക്കർവഴിയാണ്‌ ഷോക്കിൽനിന്ന്‌ സംരക്ഷണം ഒരുക്കുന്നത്‌.

ട്രാൻസ്‌ഫോർമറിലാണ്‌ സ്‌മാർട്‌സ്‌ എംസിസിബി ഘടിപ്പിക്കുക. കമ്പി പൊട്ടിവീഴുന്നതടക്കമുള്ള സന്ദർഭങ്ങളിൽ  ഇത്‌ സ്വയം പ്രവർത്തിക്കുകയും ലൈൻ ഓഫാകുകയും ചെയ്യും. കമ്പിയിലൂടെയുള്ള അമിത വൈദ്യുതിപ്രവാഹം, ചോർച്ച, തടസ്സം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും തടയും. തകരാറുണ്ടായാൽ ഇത്‌ സ്വയം ഓഫാകുകയും പ്രശ്നം പരിഹരിക്കുന്നതോടെ ഓണാകുകയും ചെയ്യും. വൈദ്യുതിക്കമ്പിയിൽ പ്രശ്‌നമുണ്ടായാൽ ആ പ്രദേശത്തെ കെഎസ്‌ഇബി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിലേക്ക്‌ സന്ദേശവും എത്തും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നെടുമങ്ങാട്‌ ഡിവിഷനു കീഴിലെ കല്ലറ സെക്‌ഷനിലാണ്‌ ആദ്യം സ്‌മാർട്‌സ്‌ എംസിസിബി സ്ഥാപിക്കുന്നത്‌. സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണിത്‌. കെഎസ്‌ഇബിയുടെ മേൽനോട്ടത്തിൽ  കമ്പനി സൗജന്യമായി ഉപകരണം സ്ഥാപിച്ച്‌ നൽകും. ഒരുവർഷം പുരോഗതി വിലയിരുത്തിയശേഷം മറ്റിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നതിൽ തീരുമാനമെടുക്കും. വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനുള്ള മറ്റുചില പദ്ധതികളും പരിഗണനയിലുണ്ട്‌. വൈദ്യുതിരംഗം സമ്പൂർണ അപകടരഹിതമേഖലയാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നടപടികൾ. ഇത്‌ ഫലം കാണുന്നതായി കണക്ക്‌ സൂചിപ്പിക്കുന്നു. 2018ൽ 441 അപകടമുണ്ടായപ്പോൾ 2019ൽ അത്‌ 311 ആയി കുറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top