15 August Monday

തിരുവനന്തപുരം നഗരസഭയുടെ "നഗരസഭ ജനങ്ങളിലേക്ക് "ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച്‌ സോഷ്യൽ മീഡിയ; ഹിറ്റായി "സ്‌മാർട്ട്‌ മേയർ' ഹാഷ്‌ടാഗ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

തിരുവനന്തപുരം > തിരുവനന്തപുരം നഗരസഭയുടെ "നഗരസഭ ജനങ്ങളിലേക്ക് " ക്യാപയിന് പിന്തുണ പ്രഖ്യാപിച്ച്‌ സോഷ്യൽ മീഡിയയിൽ #SmartTrivandrum #SmartMayor ഹാഷ് ടാഗ് നിറയുന്നു. ജനങ്ങളുടെ പരാതികൾ മേയർ നേരിട്ട് കേട്ട് പരിഹരിക്കുന്ന് എന്നതാണ്  " നഗരസഭ ജനങ്ങളിലേക്ക് " ക്യാപയിന്റെ പ്രത്യേകത.

സാധാരണ അദാലത്തുകളിൽ നിന്ന് വ്യത്യസ്‌തമായി ജനങ്ങൾക്ക് നഗരത്തിലെ ഏത് വിഷയത്തിലും പരാതി ഉന്നയിക്കാം. അപ്പോൾ പരിഹരിക്കാവുന്നത് അപ്പോൾ തന്നെ പരിഹരിക്കും. പരിശോധിക്കേണ്ട പരാതികൾ പരമാവധി ഒരു മാസത്തിനുള്ളിൽ പരിഹരിച്ച് പരാതിക്കാരെ അങ്ങോട്ട് അറിയിക്കും എന്നാണ് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചത്. ഇതിന് വൻ സ്വീകാര്യതയാണ് ആദ്യ ദിവസം കിട്ടിയത്. ശ്രീകാര്യം സോണലിൽ 104 പരാതികൾ കിട്ടിയതിൽ 24 എണ്ണം അപ്പോൾ തന്നെ പരിഹരിച്ചു. ബാക്കി പരാതികൾ ഒരു മാസത്തിനകം പരിശോധിച്ച് അറിയിക്കും. ഇതിന് പിന്തുണയുമായാണ് #SmartMayor എന്ന ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയിലെ യുവാക്കൾ രംഗത്ത് എത്തിയത്. മുൻ മേയർ വി കെ പ്രശാന്തിനെ മേയർ ബ്രോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വിളിച്ചിരുന്നത്.

അഴിമതിക്കാർക്കെതിരെ കർശന നടപടി എടുത്ത് തുടങ്ങിയത് സാധാരണക്കാർക്കിടയിൽ ആര്യക്ക് വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യുവജനങ്ങൾ ചില ഉദ്യോഗസ്ഥരുടെ ധാർഷ്‌ട്യത്തിനെതിരായ നടപടികളെ കൈയ്യടിച്ച് സ്വീകരിച്ചു. തലസ്ഥാനം സ്‌മാർട്ടാക്കാൻ സ്‌മാർട്ടായ മേയർ ഉണ്ട് എന്നാണ് ചർച്ച. "നഗരസഭ ജനങ്ങളിലേക്ക്' ക്യാമ്പയിൻ വൻ ഹിറ്റാകുന്നു എന്നാണ്‌ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്‌.

മേയറുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

#നഗരസഭ_ജനങ്ങളിലേക്ക് ജനകീയ ക്യാമ്പയിന് ഇന്ന് തുടക്കമായി.

സമഗ്ര നഗരവികസനത്തോടൊപ്പം നഗരവാസികള്‍ക്കായി അഴിമതിരഹിത സദ്ഭരണം ലക്ഷ്യമാക്കി നഗരസഭ ആരംഭിച്ച #നഗരസഭ_ജനങ്ങളിലേക്ക് ജനകീയ ക്യാമ്പയിൻ ഇന്ന് ശ്രീകാര്യം സോണൽ ഓഫിസിൽ നിന്ന് ആരംഭിച്ചു. നഗരസഭയുടെ 100 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 11 സോണല്‍ ഓഫീസുകളിലേയും ജനങ്ങളുടെ പരാതികൾ മേയറുടെ നേതൃത്വത്തില്‍ നേരിട്ട് കേട്ട് പരിഹാരം കാണുന്നതാണ് ഈ ക്യാമ്പയിൻ.

ജനങ്ങൾക്ക് വേണ്ടിയാണ് ഈ ഭരണസമിതി പ്രവർത്തിക്കുന്നത്. ജനങ്ങൾക്കിടയിലും ജനഹൃദയങ്ങളിലുമാണ് ഈ ഭരണസമിതിയുടെ സ്ഥാനം. ജനങ്ങളിലേക്ക് മേയറടക്കമുള്ളവർ നേരിട്ടെത്തുന്നതോടെ നഗരവികസനത്തെയും ഭരണസമിതിയെയും അട്ടിമറിക്കാനും മോശമാക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടലാക്കിന് കനത്ത പ്രഹരമേൽക്കുമെന്ന് ഇന്നത്തെ അനുഭവം തെളിയിക്കുന്നു. അതുകൊണ്ടാവണം ചിലർ ശ്രീകാര്യം സോണൽ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ വന്നത്. കൗതുകകരമായ കാഴ്ചയായിരുന്നു അത്. ജനങ്ങളുടെ പരാതികളും പരിഭവങ്ങളും ആശങ്കകളും സംശയങ്ങളും എല്ലാം തീർക്കാൻ കഴിയുന്ന വേദിയിൽ പ്രതിഷേധം നടത്തി അത് തടസപ്പെടുത്താൻ ശ്രമിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണോ എന്ന ചോദ്യം ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തിയവരുടെയെങ്കിലും മനസ്സിൽ ഉയർന്നിട്ടുണ്ടാകണം. പ്രശ്നങ്ങളുടെ പരിഹാരമല്ല, വിവാദങ്ങളാണ് അവർക്ക് വേണ്ടത്. തല്ക്കാലം അതിന് സമയമില്ല എന്നതാണ് മറുപടി.   ജനങ്ങളേയും നഗരസഭയേയും തമ്മിലടിപ്പിക്കാൻ നോക്കുന്നവർക്ക് കണ്മുന്നിൽ നടക്കുന്ന നഗരത്തിന്റെ വികസനവും ജനങ്ങളുടെ ജീവിതാനുഭവങ്ങളും മറുപടി നൽകും.

അഴിമതി നടത്തുന്നവർ ആരായിരുന്നാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. തെറ്റ് കാണിക്കുന്ന ഉദ്യോഗസ്ഥരെ നഗരസഭക്ക് വേണ്ട എന്ന് തന്നെയാണ് നിലപാട്. മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാർത്ഥമായും സമർപ്പണ മനോഭാവത്തോടെയും അങ്ങേയറ്റം സൗഹാർദപരമായും തങ്ങളുടെ ചുമതല നിറവേറ്റുന്നവരാണ്. അത്തരം ഉദ്യോഗസ്ഥരുടെ കൂടെ ശ്രമഫലമാണ് നമുക്കുണ്ടായ നേട്ടങ്ങൾ എല്ലാം. അവരുടെ അധ്വാനത്തിന് കൂടി അവമതിപ്പുണ്ടാകുന്ന ചെറിയ ഒരു വിഭാഗം ഉദ്യോഗസ്ഥർ എല്ലായിടത്തുമെന്ന പോലെ ഇവിടെയും ഉണ്ടെന്നത് യാഥാർഥ്യമാണ്. അത് വച്ച് പൊറുപ്പിക്കില്ല എന്ന കൃത്യമായ നിലപാട് ഭരണസമിതി എടുത്തിട്ടുണ്ട്. അഴിമതി വിഷയങ്ങൾ കണ്ടെത്തിയ ഘട്ടത്തിലെല്ലാം പലരും സംശയമുന്നയിച്ചു, ഇത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കിയാലോ എന്ന്, എന്നാൽ കണ്ടെത്തിയ അഴിമതിയ്‌ക്കെതിരെ നടപടി എടുക്കാതിരുന്നാലാണ് തിരിച്ചടി ഉണ്ടാവുക എന്ന നിലപാടാണ് എൽഡിഎഫ് ഭരണസമിതി സ്വീകരിച്ചത്.

അത് ശരിയായിരുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ ആരായാലും അവരെ തുറന്ന് കാട്ടി നിയമത്തിന് മുന്നിലെത്തിക്കുക എന്ന ഉത്തരവാദിത്തം തുടർന്നും നിർവ്വഹിക്കും. അക്കാര്യത്തിൽ ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ മാത്രം മതിയെന്നാണ് കണ്ടിട്ടുള്ളത്.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി നഗരസഭ കൈവരിച്ച വികസനനേട്ടങ്ങള്‍ ജനസമക്ഷം സമര്‍പ്പിച്ചുകൊണ്ടാണ് പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനും ജനകീയ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിനും ഈ ഭരണസമിതി ജനഹൃദയങ്ങളിലേയ്ക്ക് ഇറങ്ങുന്നത്. ഇതിന്റെ രണ്ടാം ഘട്ടത്തില്‍ എല്ലാ വാര്‍ഡുകളിലും മേയറുടെ നേതൃത്വത്തില്‍ നേരിട്ട് പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് ശ്രീകാര്യം സോണലിൽ 104 പേരുടെ പരാതിയാണ് കേട്ടത്. അതിൽ 24 പരാതികൾ ഉടനടി പരിഹരിച്ചു. ബാക്കിയുള്ളവ  പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതിന്റെ തുടർനടപടികൾ മുൻനിശ്ചയിച്ച സമയക്രമത്തിൽ പരിശോധിച്ച് പരാതിക്കാരെ അറിയിക്കും. ബഹു. കഴക്കൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രനും ഇന്ന് ക്യാമ്പയിൻ സമയത്ത്  സോണൽ ഓഫീസ് സന്ദർശിച്ചു.

അദ്ദേഹവും ചില പരാതികൾ പരിഹരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.  ബഹു. ഡെപ്യൂട്ടി മേയർ ശ്രീ പി.കെ രാജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, നഗരസഭ സെക്രട്ടറി ശ്രീ ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. അടുത്തത് 10.08.2022ന് വിഴിഞ്ഞം സോണലിൽ ആണ് #നഗരസഭ_ജനങ്ങളിലേക്ക് ക്യാമ്പയിൻ. "#നഗരസഭ_ജനങ്ങളിലേക്ക്" എന്ന ക്യാമ്പയിന്‍ പരിപാടി വൻ വിജയമാക്കുന്നതിന് ഇന്ന് സഹകരിച്ച എല്ലാ നഗരവാസികൾക്കും നന്ദി രേഖപെടുത്തുന്നു. തുടർന്നും നമുക്ക് ഈ പ്രവർത്തനങ്ങൾ നല്ല നിലയ്‌ക്ക്‌ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. നമുക്കൊരുമിച്ച് നമ്മുടെ നഗരത്തെ അഴിമതിരഹിത സദ്ഭരണ വികസിത നഗരമാക്കാൻ പ്രവർത്തിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top