കൊച്ചി> സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. തമ്മനം 33 കെവി കണ്ടെയ്നര്‍ സബ്സ്റ്റേഷന്റെ ഉദ്ഘാടനവും എറണാകുളം ഭരണ സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറുകിട ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാലും വൈദ്യുതി പ്രശ്നം മാറുകയില്ല. അതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്പാദനമാണ് സര്‍ക്കാരിന്റെയും വൈദ്യുത ബോര്‍ഡിന്റെയും ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും, ബാക്കി ഡാമുകളില്‍ ഫ്ലോട്ടിങ് സോളാര്‍ സംവിധാനം വഴിയും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 100 മെഗാവാട്ടില്‍ അധികം സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുണ്ട്. ഇത് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സേവനം വൈദ്യുത മേഖലയില്‍ നല്കുന്ന നമ്മുടെ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30% മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ സൗരോര്‍ജ്ജ യൂണിറ്റുകള്‍ കൂടാതെ ഇടുക്കിയില്‍ രണ്ടാംഘട്ട പവര്‍ഹൗസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായത്തോടെ ആര് എ പി ഡി ആര് പി പദ്ധതിയില്‍ 12 കോടി മുതല്‍മുടക്കിലാണ് തമ്മനം 33 കെ വി കണ്ടെയ്നര്‍ സബ്സ്റ്റേഷന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാലുകോടി രൂപയുടെ ഭരണാനുമതിയില്‍ 969.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായിട്ടാണ് ഭരണ സമുച്ചയം നിര്‍മിക്കുന്നത്.
മധ്യമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പാലാരിവട്ടം ഇലട്രിക്കല്‍ സെഷന്, പാലാരിവട്ടം സബ് ഡിവിഷന്, ഇടപ്പള്ളി ഇലട്രിക്കല്‍ സെഷന് എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. 18 മാസത്തിനുള്ളില്‍ കെട്ടിടത്തിന് നിര്‍മാണം പൂര്‍ത്തിയാക്കും.
പാലാരിവട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അങ്കണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഐടി ഡയറക്ടര്‍ പി കുമാരന്, ചീഫ് എന്‍ജിനീയര്‍ ജെയിംസ് എം ഡേവിഡ്, ചീഫ് എന്‍ജിനീയര്‍ വി ബ്രിജ്ലാല്, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, കൗണ്‍സിലര്‍മാരായ അജി ഫ്രാന്‍സിസ്, ജോസഫ് അലക്സ്, പൊതുപ്രവര്‍ത്തകരായ അഡ്വക്കേറ്റ് കെ ഡി വിന്‍സെന്റ്, എം ആര് അഭിലാഷ്, ടി ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..