എസ്‌എൽഎംഎപിക്ക് ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കാം ; കേന്ദ്രാനുമതിയായി
തിരുവനന്തപുരം
സംസ്ഥാനത്തുനിന്ന് വർധിച്ചുവരുന്ന ജൈവ ഭക്ഷ്യഉൽപ്പന്ന കയറ്റുമതിക്ക് ഊർജമേകാൻ കൊച്ചി മരടിലെ സ്‌റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്ട്സിന് (എസ്‌എൽഎംഎപി) ഓർഗാനിക് സർട്ടിഫിക്കേഷന് അനുമതി. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഏക ഭക്ഷ്യപരിശോധനാ ലാബോറട്ടറിയാണിത്. എട്ടുകോടിയോളം വിലയുള്ള അത്യാധുനിക പരിശോധനാ യന്ത്രങ്ങൾ നൽകാനുളള സന്നദ്ധത എഫ്‌എസ്‌എസ്‌എഐ അറിയിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ മേഖലയിലെ ഓർഗാനിക് സർട്ടിഫിക്കേഷൻ നൽകാൻ കഴിയുന്ന ഏക ലാബാകും എസ്‌എൽഎംഎപി. സ്വകാര്യ ലാബുകളിൽ വൻതുകയ്ക്ക് ചെയ്യുന്ന പരിശോധനകൾ കുറഞ്ഞ നിരക്കിൽ ഇവിടെ സാധ്യമാകും.
എൻഎബിഎൽ അക്രെഡിറ്റേഷനും എഫ്‌എസ്‌എസ്‌എഐ അംഗീകാരവും ഉള്ള ലാബുകൾക്കാണ് സർട്ടിഫിക്കേഷൻ നൽകാനാകുക. അടിസ്ഥാന സൗകര്യവികസനം, പ്രത്യേക വയറിങ്, ഉപകരണങ്ങൾ ഇവയെല്ലാം സംസ്ഥാന സർക്കാർ ചെയ്യണം. 2028ൽ മരടിലെ കെട്ടിടത്തിന്റെ പാട്ടകാലാവധി കഴിയുമ്പോൾ ലാബ് എറണാകുളത്തെ വെറ്ററിനറി കോപ്ലക്സിലേക്ക് മാറും.
72 ലക്ഷം രൂപ വരുമാനം
ഭക്ഷ്യ, മാംസ പരിശോധനകളിലൂടെ എസ്‌എൽഎംഎപി ഈ വർഷം നവംബർവരെ നേടിയത് 72.96 ലക്ഷം രൂപയുടെ വരുമാനം. 4391 പരിശോധന നടത്തി. 2023–-24ൽ 8252 പരിശോധനയിലൂടെ 1.08 കോടി വരുമാനം നേടിയിരുന്നു. 9,000 രൂപ ഫീസുള്ള മീറ്റ് സ്പീഷിസ് ഐഡന്റിഫിക്കേഷനാണ് നിരക്കിൽ മുന്നിൽ. പാലിന്റെയടക്കം 370 രൂപ മുതലുള്ള വിവിധ പരിശോധനകളും നടത്തുന്നു.
പ്രാദേശിക ലാബ്
വിഴിഞ്ഞത്തും
കേരളത്തിന് വലിയ കയറ്റുമതി സാധ്യതകൾ തുറക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ എസ്‌എൽഎംഎപിയുടെ പ്രാദേശിക ലാബ് തുടങ്ങാനുള്ള നിർദേശം വകുപ്പിന്റെ പരിഗണനയിലാണ്. കയറ്റുമതി വ്യാപാരികൾക്ക് വലിയ ഗുണം ചെയ്യുന്നതാകും പദ്ധതി.
0 comments