31 March Tuesday

തിരൂരിൽ 9 വർഷത്തിനിടെ ഒരുവീട്ടിലെ ആറ്‌ കുട്ടികൾ മരിച്ചു; പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കാരം, അസ്വഭാവിക മരണത്തിന്‌ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

തിരൂർ > മലപ്പുറം തിരൂർ ചെമ്പ്ര പരന്നേക്കാട്ട് 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ചതിൽ ദുരൂഹതയെന്നു സംശയം. പരന്നേക്കാട്തറമ്മല്‍ റഫിഖ് സബ്‌ന ദമ്പതികളുടെ 6 കുട്ടികളാണ് 5 വയസ്സിനു താഴെ പ്രായമുള്ളപ്പോൾ  മരിച്ചത്. 4 മാസം പ്രായമുള്ള കുട്ടി ഇന്ന് വീട്ടിൽ മരിച്ചതോടെയാണ് സംശയം ഉയർന്നത്. അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി നാലര വയസുള്ളപ്പോഴും.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം പറഞ്ഞു. മൃതദേഹം അടക്കം ചെയ്യാൻ ധൃതി കാട്ടിയത് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ഇന്നു മരിച്ച 3 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കാൻ അനുമതി തേടിയിട്ടുണ്ട്. 8 മാസം, 2 മാസം, 40 ദിവസം, നാലര വയസ്, 3 മാസം, 3 മാസം എന്നിങ്ങനെയാണ് മരിക്കുമ്പോൾ കുട്ടികളുടെ പ്രായം. ദമ്പതികൾക്ക് മറ്റു കുട്ടികളിലില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നുവെന്നും ദുരൂഹത ഒന്നും ഇല്ലെന്നും മരിച്ച കുട്ടികളുടെ അച്ഛന്റെ സഹോദരി പറഞ്ഞു. ആദ്യത്തെ കുട്ടികൾ മരിച്ചപ്പോൾ തന്നെ വിവിധ ആശുപത്രികളിലായി പലതരം പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ അസ്വഭാവികമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പരാതിയില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു.


പ്രധാന വാർത്തകൾ
 Top