14 July Tuesday

ശിവഗിരി തീർഥാടന ഇടനാഴി കേന്ദ്രം ഉപേക്ഷിച്ചു ; ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


സ്വന്തം ലേഖകൻ
ശിവഗിരി തീർഥാടന ഇടനാഴി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള സർക്യൂട്ട് സംസ്ഥാന സർക്കാർ വിഭാവനംചെയ്‌തതാണ്‌. കേന്ദ്ര സർക്കാർ ഏറ്റെടുത്ത്‌ സ്വദേശി ദർശൻ പദ്ധതിയിൽ  69.47 കോടി അനുവദിച്ചു. ഇന്ത്യാ ടൂറിസം ഡെവലപ്‌മെന്റ്‌ ‌ കോർപറേഷനെ നിർവഹണം ഏൽപ്പിച്ചു. അൽഫോൺസ്‌ കണ്ണന്താനം കേന്ദ്ര ടൂറിസം സഹമന്ത്രിയായിരിക്കെ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ഈ  പദ്ധതിയാണ്‌, കേന്ദ്ര ടൂറിസംവകുപ്പ്‌ റദ്ദാക്കിയത്‌. കേന്ദ്ര ടൂറിസംമന്ത്രിയുടെ നിർദേശപ്രകാരണിതെന്നാണ്‌‌ ഉത്തരവിലുള്ളത്‌.

നടപടി പിൻവലിക്കണമെന്ന്‌ സംസ്ഥാന ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഞ്ചനാപരമായ നിലപാടാണ്‌ കേന്ദ്ര സർക്കാരിന്റേത്‌. പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ‌‌കത്തയച്ചെന്നും  കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  അരുവിപ്പുറംമുതൽ ശിവഗിരിവരെയുള്ള സർക്യൂട്ടിൽ ഗുരുവിന്റെ ജീവിതസംഭവങ്ങൾ അതതിടങ്ങളിൽ രേഖപ്പെടുത്താനാണ് ഉദ്ദേശിച്ചത്‌. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ, കായിക്കര കുമാരനാശാൻ സ്മാരകങ്ങൾ, ശിവഗിരി എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള സർക്യൂട്ടിൽ വൻ വികസനമാണ്‌‌ വിഭാവനം ചെയ്‌തത്‌. സംസ്ഥാന ടൂറിസംവകുപ്പിന്റെ അടങ്കൽ 118 കോടിയായിരുന്നു.

2019 ജനുവരിയിൽ പദ്ധതി പ്രവർത്തനംതുടങ്ങി. നടത്തിപ്പ്‌ ഏറ്റെടുത്ത ഐടിഡിസിക്ക്‌ ഇത്തരം പദ്ധതികളിൽ മുൻപരിചയമില്ല. അന്നുതന്നെ പദ്ധതിയുടെ ഭാവിയിൽ സംശയമുയർന്നിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചു. എന്നാൽ, അത്‌ പരിഗണിച്ചില്ല. സംസ്ഥാന സർക്കാരിനെ മാറ്റിനിർത്തി. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ ഏകപക്ഷീയമായ കേന്ദ്ര തീരുമാനം.

ഗുരുവിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നവർ ഇതിൽ ശക്തമായി പ്രതികരിക്കണമെന്ന്‌ ‌ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റിനും ഇക്കാര്യത്തിൽ  പങ്കു വഹിക്കാനുണ്ട്‌.  ജൂൺ രണ്ടിന്‌ വർക്കല എംഎൽഎ വി ജാേയിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വർക്കല മൈതാനത്ത്‌ ഉപവാസിക്കും.
 

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം  പദ്ധതിയും റദ്ദാക്കി
കേരള തീർഥാടക ഇടനാഴി ടൂറിസം പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. വിവിധ മതങ്ങളുടെ സംസ്ഥാനത്തെ 133 ആരാധനാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കലായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥതല ഉത്തരവിലൂടെയാണ്‌ പദ്ധതി വേണ്ടെന്നുവച്ചത്‌. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയില്ല.

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം സഹമന്ത്രിയായിരിക്കെ, 2019 ജനുവരി 15നാണ്‌ പദ്ധതിക്ക്‌‌ അനുമതിയായത്‌. പത്തനംതിട്ട മാക്കാംക്കുന്ന് സെന്റ്സ്റ്റീഫൻസ് പാരിഷ് ഹാളിൽ അന്നത്തെ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ 85.22 കോടി രൂപ അടങ്കലുള്ള പദ്ധതിയുടെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനാണ് പദ്ധതി പ്രഖ്യാപനമെന്ന്‌ ആരോപണമുണ്ടായിരുന്നു. ആരാധനാലയങ്ങൾക്ക് ഗുണമുണ്ടാകുന്ന പദ്ധതിയായതിനാൽ സംസ്ഥാന ടൂറിസം വകുപ്പ് എല്ലാ പിന്തുണയുംനൽകി. വാപ്‌കോസ്‌, കെൽ,  ഹബിറ്റാറ്റ്‌ എന്നിവയ്‌ക്ക്‌ പദ്ധതി നടത്തിപ്പ്‌ നൽകി.

മൂന്ന് ആർകിടെക്ടുകൾക്കായിരുന്നു രൂപരേഖ തയ്യാറാക്കൽ ചുമതല. 36 മാസംകൊണ്ട്‌ പൂർത്തീകരണം ലക്ഷ്യമിട്ടു.  ഒന്നാംഘട്ട തുകയും ആവശ്യപ്പെട്ടു.പ്രവൃത്തിക്ക്‌ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ഘട്ടത്തിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ  പദ്ധതി റദ്ദാക്കിയത്. തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര ടൂറിസം മന്ത്രിക്ക്‌ കത്തെഴുതി.


പ്രധാന വാർത്തകൾ
 Top