06 October Sunday

വിപ്ലവ സൂര്യന് വിട: അനുസ്മരിച്ച് നേതാക്കള്‍; ശനിയാഴ്ച അനുശോചന യോഗങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തിരുവനന്തപുരം> സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ശനിയാഴ്ച സംസ്ഥാനമാകെ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം. മൂന്ന് ദിവസത്തേക്ക് പാര്‍ട്ടി പരിപാടികള്‍ ഉണ്ടായിരിക്കില്ലെന്നും സിപിഐ എം വ്യക്തമാക്കി.  യെച്ചൂരിയുടെ വിയോഗത്തില്‍ വിവിധ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി
     
    പ്രസ്ഥാനത്തിന്റെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു: എ കെ പത്മനാഭന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ മരണമെന്നും ആ വിടവ് നികത്താനാകില്ലെന്നും മുതിര്‍ന്ന സിപിഐഎം നേതാവും കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമായ എ കെ പത്മനാഭന്‍. സീതാറാമിനെ എങ്ങനെയാണ് ഓര്‍ക്കേണ്ടത്, കാരണം എല്ലാ കാര്യത്തിലും ഞങ്ങളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സഖാവാണ് സീതാറാം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് ഏറ്റവും അടുത്ത ബന്ധം ഈ കാലഘട്ടത്തില്‍ ഉണ്ടാക്കിയെടുത്തതില്‍ വലിയൊരു പങ്കാണ് യച്ചൂരിക്കുള്ളത്. പാര്‍ട്ടി മറ്റൊരു അഖിലേന്ത്യാ സമ്മേളനത്തിന് ഒരുങ്ങുന്നതിനിടെയുള്ള ഒരു മരണം.പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്നും പത്മനാഭന്‍ അനുസ്മരിച്ചു


ഏത് പ്രതിസന്ധിഘട്ടത്തിലും പതറാതെ: പി രാജീവ്



രാജ്യത്തിനും ഇടതുപക്ഷത്തിനും പാര്‍ടിക്കും കൂടുതല്‍ സാന്നിധ്യം ആവശ്യമായിരുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് സഖാവ് വിടപറഞ്ഞതെന്ന് മന്ത്രി പി രാജീവ്. ഏത് പ്രതിസന്ധിഘട്ടത്തിലും പതറാതെ പ്രത്യയശാസ്ത്ര തെളിമയോടെയും രാഷ്ട്രീയവ്യക്തതയോടെയും നിലപാട് സ്വീകരിക്കാനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാനും സഖാവ് യച്ചൂരിക്ക് കഴിഞ്ഞുവെന്നും പി രാജീവ് അനുശോചിച്ചു.


പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു യെച്ചൂരി: എം വി ഗോവിന്ദന്‍



പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു സീതാറാം യെച്ചൂരിയെന്ന് അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിനും യെച്ചൂരിയുടെ വിയോഗത്തിലൂടെയുണ്ടാകുന്നത് തീരാനഷ്ടമാണ്


ഒരു മനുഷ്യായുസ്സ് പൂര്‍ണമായും അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഏറ്റവും പ്രമുഖനായ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനാണ് യെച്ചൂരി. പാര്‍ട്ടിയെ ദൃഢമായി മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു യെച്ചൂരി. എല്ലാ അര്‍ഥത്തിലും വലിയ നഷ്ടമാണ് ഇന്ത്യയിലെ പാര്‍ട്ടിക്കും ജനാധിപത്യസംവിധാനങ്ങള്‍ക്കും ഉണ്ടായത്.

പാവപ്പെട്ടവര്‍ക്ക് വേണ്ടി പാര്‍ലമെന്റിന് അകത്തും പുറത്തും അദ്ദേഹം പോരാട്ടം നയിച്ചു. അവസാനമായി അദ്ദേഹത്തെ കാണാന്‍ സാധിച്ചു. യെച്ചൂരിക്ക് കൂടുതല്‍ സമയം മുന്നോട്ടുപോകാന്‍ ആകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇങ്ങനെ അനുശോചിക്കേണ്ടി വേണ്ടി വരുമെന്ന് കാണാന്‍ പോയപ്പോള്‍ കരുതിയില്ല- അദ്ദേഹം പറഞ്ഞു.


യെച്ചൂരിയുടെ ഓര്‍മ്മകള്‍ ആവേശം പകരുന്നതാണ്. യെച്ചൂരിക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമായി കരുതുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികള്‍ മൂന്ന് ദിവസം ഉണ്ടാകില്ലെന്നും, മൂന്നുദിവസം ദുഃഖാചരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

 ഇന്ത്യന്‍ ജനാധിപത്യ മതേതര ശക്തികള്‍ക്കുള്ള തീരാനഷ്ടം:
കെ ആന്റണി


സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യെച്ചൂരിയുടെ അകാല വേര്‍പാട് ഇന്ത്യന്‍ ജനാധിപത്യ മതേതര ശക്തികള്‍ക്കുള്ള തീരാനഷ്ടമെന്ന് പ്രതികരിച്ച അദ്ദേഹം അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും പറഞ്ഞു.

വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവാണ്. രാജ്യസഭയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒന്നാം യുപിഎ കാലത്താണ് തമ്മില്‍ കൂടുതല്‍ അടുത്തത്. ഇന്‍ഡ്യ മുന്നണി രൂപീകരിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് നേതാവാണ് യെച്ചൂരിയെന്നും അദ്ദേഹം ഓര്‍മിച്ചു.

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി എന്നും സ്വരം ഉയര്‍ത്തി: കൊടിക്കുന്നില്‍ സുരേഷ്


  യെച്ചൂരിയുടെ നിര്യാണം വ്യക്തിപരമായും രാഷ്ട്രീയപരമായും വളരെ വേദനാജനകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്ത് പൊരുത്തം കണ്ടെത്താന്‍ ശ്രമിച്ച അദ്ദേഹം, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി എന്നും സ്വരം ഉയര്‍ത്തിയ ഒരു ജനപ്രിയ നേതാവായിരുന്നു.

സമര്‍പ്പണവും ലാളിത്യവും കൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തിളക്കമുള്ളതാക്കുവാന്‍ യെച്ചൂരിക്ക് ആയിട്ടുണ്ട്. യെച്ചൂരിയുടെ നിര്യാണം ഇന്ത്യ മുന്നണിക്കും രാഷ്ട്രത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു

മികവുറ്റ പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് യെച്ചൂരി  പ്രഭാ ഗോപുരമായിരുന്നു: ചെന്നിത്തല


മികവുറ്റ പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് യെച്ചൂരി ഒരു പ്രഭാ ഗോപുരമായിരുന്നു. എന്തിനെയും ജനകീയ പുരോഗമന പക്ഷത്തു നിന്നു വീക്ഷിക്കാനുള്ള വിശാല ജനാധിപത്യ ബോധത്തിന്റെ അടിത്തറയായിരുന്നു യെച്ചൂരിയുടെ കരുത്തെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനുശോചിച്ചു.

രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഐഎം
 ജനറല്‍ സെക്രട്ടറിയായി 9 വര്‍ഷം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യെച്ചൂരിക്ക് സാധിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top