09 December Monday

രാഷ‌്ട്രീയ മഹാഭാരതയുദ്ധത്തിൽ ബിജെപി പരാജയപ്പെടും: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കോഴിക്കോട‌്> വരാനിരിക്കുന്ന രാഷ‌്ട്രീയ മഹാഭാരതയുദ്ധത്തിൽ ബിജെപി പരാജയപ്പെടുമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  കൂട്ടാലിട, കക്കോടി, പേരാമ്പ്ര എന്നിവിടങ്ങളിലെ  എൽഡിഎഫ‌് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഏറ്റവും വലിയ പാർടിയാണെന്ന‌് അവകാശപ്പെടുന്ന ബിജെപി മഹാഭാരത കഥ ഓർക്കുന്നത‌് നന്നായിരിക്കും. നൂറ‌്  പടയാളികളുള്ള കൗരവപ്പടയെ തുരത്തിയത‌് അഞ്ചംഗ സേനയായ പാണ്ഡവരാണ‌്. എല്ലാവരും ചേർന്ന‌് അഞ്ചു വിരലുകൾ ചുരുട്ടി മുഷ്ടിയുയർത്തിയാൽ പരാജയപ്പെടുത്താവുന്ന ശക്തി മാത്രമേ ഇന്നത്തെ ബിജെപിക്കുള്ളൂ.  കൗരവപ്പടയിലെ എല്ലാവരുടെയും പേരുകൾ നാം ഓർക്കാറില്ല. എന്നാൽ ദുഷ്ടശക്തികളായ ദുര്യോധനനെയും ദുശ്ശാസനനെയും  നാം മറക്കില്ല. പുതിയ ഇന്ത്യയിൽ  നരേന്ദ്രമോഡി ദുര്യോധനനും  അമിത‌്ഷാ ദുശ്ശാസനനുമാണ‌്.
 
അഞ്ചുവർഷക്കാലത്തെ നരേന്ദ്രമോഡിയുടെ ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത  ഇല്ലാതായി. മോഡിക്ക‌് ബദൽ ഈ രാജ്യത്തെ ജനങ്ങൾ തന്നെയാണ‌്. മോഡിയും ജനങ്ങളും തമ്മിലുള്ള മത്സരമാണിത‌്. ഇന്ത്യയിൽ അഴിമതിരഹിത സർക്കാരാണെന്നാണ‌് നരേന്ദ്രമോഡിയുടെ അവകാശവാദം. എന്നാൽ റഫേൽ ഇടപാടിൽ അഴിമതി നടത്തിയതിന്റെ പുതിയ തെളിവുകളാണ‌് ദിനംപ്രതി പുറത്തുവരുന്നത‌്.   ഇലക്ടറൽ ബോണ്ടിലൂടെ അഴിമതിപ്പണമാണ‌്  ബിജെപിയിലേക്ക‌് എത്തുന്നത‌്. കടപ്പത്രത്തിന‌് രഹസ്യസ്വഭാവം വേണമെന്ന നിലപാട‌് കൈക്കൊണ്ടതിലൂടെ അഴിമതിയെ നിയമപരമായി സംരക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ‌്  ബിജെപി ചെയ‌്തത‌്. ഇലക‌്ഷൻ കമീഷന്റെ റിപ്പോർട്ടനുസരിച്ച‌്  കടപ്പത്രത്തിലൂടെ  95 ശതമാനം പണവും  ബിജെപിക്കാണ‌്   ലഭിച്ചത‌്.  പൊതുമേഖലകൾ വിറ്റുതുലച്ചു. തിരുവനന്തപുരം ഉൾപ്പെടെ ആറ‌് വിമാനത്താവളങ്ങളാണ‌് സ്വകാര്യവൽക്കരിക്കാൻ പോകുന്നത‌്. ഇതിന്റെ ഗുണം ലഭിക്കുന്നത‌് അദാനിയുടെ കമ്പനിക്കാണ‌്. കോർപറേറ്റുകളുടെ 11 ലക്ഷം കോടി രൂപയാണ‌് എഴുതിത്തള്ളിയത‌്. അതേസമയം ദുരിതമനുഭവിക്കുന്ന  കർഷകരുടെ വായ‌്പ എഴുതിത്തള്ളിയില്ല.
കേരളം രാജ്യത്തിന‌ുതന്നെ മാതൃകയാണെന്ന‌് രാഹുൽ ഗാന്ധിയും പറയുന്നു. എന്നാൽ ഒരുകാലത്ത‌് ഭ്രാന്താലയമെന്ന‌് ‌ വിശേഷിപ്പിക്കപ്പെട്ട  കേരളത്തെ ഈ രീതിയിൽ മാറ്റിയതിനുപിന്നിൽ  ആദ്യത്തെ ഇ എം എസ‌് സർക്കാരാണെന്നത‌് മറക്കരുത‌്.  എല്ലാ മതവിഭാഗങ്ങളും മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തിൽനിന്നാണ‌് മാനവികതയും മതേതരത്വവും പ്രധാനമന്ത്രി നരേന്ദ്രമോഡി കണ്ടുപഠിക്കേണ്ടത‌്.

 ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ  കേരളത്തിന്റെ സംസ‌്കാരവും മൂല്യങ്ങളും സംരക്ഷിക്കുമെന്ന‌് മോഡി കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ കേരളത്തിന്റെ സംസ‌്കാരത്തിനും ധാർമികമൂല്യങ്ങൾക്ക‌ും വിരുദ്ധമായി, മാനവികതയെ തകർക്കുന്ന നിലപാടാണ‌് മോഡി സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. വിദ്വേഷം, അക്രമം എന്നീ ആശയങ്ങളെയാണ‌് മോഡിയും കൂട്ടരും പ്രതിനിധീകരിക്കുന്നത‌്. ഇന്ത്യ പുതിയ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തിലും മികച്ച ഇടപെടലാണ‌്  കേരളത്തിലെ ജനങ്ങൾ നടത്തിയത‌്. 1957ൽ ഇ എം എസ‌് സർക്കാർ വന്നതുമുതൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത‌് വ്യക്തമാണ‌്. ഈ തെരഞ്ഞെടുപ്പിലും ഇത‌് പ്രതിഫലിക്കും. കേരളത്തിൽ 20 സീറ്റിൽ ഒന്നിൽപ്പോലും ബിജെപി സ്ഥാനാർഥി ജയിക്കാതിരിക്കുക എന്നത‌്  പ്രധാന ഉത്തരവാദിത്തമാണ‌്.
 
2004ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പക്വത കാണിച്ചു. അന്ന‌് 20 സീറ്റിൽ 18ലും എൽഡിഎഫ‌് വിജയിച്ചു. അതിനേക്കാളേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റിലും ഇടതുപക്ഷമുന്നണി സ്ഥാനാർഥികൾ വിജയിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ‌് ഇന്നുള്ളത‌്.   –-യെച്ചൂരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top