28 February Friday

പ്രതിഷേധിക്കുന്നവരെ മോഡിയും അമിത്ഷായും പാകിസ്താനികളെന്ന് വിളിക്കുന്നു; ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ല: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തിരുവനന്തപുരം> ഇന്ത്യയില്‍ എല്ലാ ദേശസ്‌നേഹികള്‍ക്കുമായി ഒറ്റ വിശുദ്ധ ഗ്രന്ഥമേ ഉള്ളുവെന്നും അതിന്ത്യയുടെ ഭരണഘടനയാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണം. അത് തകര്‍ക്കാനുള്ള മോഡിയുടെ ശ്രമം ഒരിക്കലും നടക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തിരുവനന്തപുരത്ത് സിപിഐ എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി

കാശ്മീരിന്റെ ജനാധിപത്യവും പൗരാവകാശവും പുന:സ്ഥാപിക്കാനുള്ള സമീപനത്തിനായി ഇന്ത്യയിലാകെ കാശ്മീര്‍ വിഷയം പ്രചരിപ്പിക്കാനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചതായും യെച്ചൂരി വ്യക്തമാക്കി. കാശ്മീരിലെ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണണം.

രാജ്യത്തുള്ള പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്കെല്ലാം വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കിയത്. വസുദൈവ കുടുംബകം എന്ന കാഴ്ചപ്പാടാണ് ഇന്ത്യക്ക്. എല്ലാവരേയും സ്വീകരിക്കുന്ന സംസ്‌കാരമാണ് നമുക്ക്. പൗരത്വ നിയമം സംബന്ധിച്ച് സിപിഐ എം പറഞ്ഞ കാര്യങ്ങള്‍ ബിജെപി പാര്‍ലമെന്റില്‍ അംഗീകരിച്ചില്ല. പൗരത്വ നിയമം സങ്കീര്‍ണമാണ്. ഹിന്ദുക്കള്‍ക്ക് പൗരത്വം കൊടുത്ത്  മുസ്ലിങ്ങളെ തടങ്കല്‍ പാളയത്തിലേക്കയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 ഏപ്രില്‍ ഒന്ന് മുതല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടത്താന്‍ പോകുകയാണ്. ഇതില്‍ പൗരത്വമായി ബന്ധപ്പെട്ട ചില കാര്യങ്ങളും വരുന്നു. എന്താണ് ജനസംഖ്യാ രജിസ്റ്റര്‍ എന്ന് ജനങ്ങളോട് പറയണം. കേവലം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. സാധാരണക്കാരേയും ദരിദ്രരേയും ആദിവാസികള്‍- ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരേയും ഇത് ബാധിക്കും. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരോടും ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കില്ല എന്ന അഭ്യര്‍ഥന സിപിഐ എം മുന്നോട്ടുവയ്ക്കാന്നതായും യെച്ചൂരി പറഞ്ഞു.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കും എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നത്.ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് സുഭാഷ് ചന്ദ്രബോസാണ്. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോള്‍ റിലയന്‍സിനായി പറയുന്നത് ജിയോ ഹിന്ദെന്നാണ്.

 പൗരത്വ പ്രശ്‌നം ഹിന്ദു- മുസ്ലിം പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. എന്നാല്‍ ജനങ്ങള്‍ അത് അംഗീകരിക്കാത്തതിനാല്‍ അക്രമം അഴിച്ചുവിടുകയാണ്. പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശത്തെ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ഭസ്മാസുരനെ തകര്‍ക്കാന്‍ മോഹിനി നടത്തിയ നൃത്തം പോലെയാണ് നരേന്ദ്രമോഡിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെന്നും യെച്ചൂരി പറഞ്ഞു.

 എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ രാജ്യം ഇപ്പോള്‍ വലിയസാമ്പത്തിക തകര്‍ച്ചയാണ് നേരിടുന്നത്. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായി, വിലക്കയറ്റം വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നു. ജനങ്ങളുടെ ജീവിതം ഏറ്റവും ദുരിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

അതിനാല്‍ വലിയ പോരാട്ടം എല്ലാ മേഖലയിലും ഉണ്ടാകേണ്ടതുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും വലിയ പോരാട്ടം തന്നെ തുടരണം. ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരെ ഇന്ത്യാ വിരുദ്ധരെന്നും പാകിസ്താനികളെന്നും വിളിക്കുകയാണ് അമിത് ഷായും മോഡിയുമെന്നും യെച്ചൂരി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top