26 May Sunday

പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേര്‍ത്തത് പുതിയ കണ്ടെത്തലുകളൊന്നുമില്ലാതെ; നിയമവൃത്തങ്ങള്‍ക്ക് അത്ഭുതം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

തലശേരി > മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം. നേരത്തെ കേരള പൊലീസ്, കുറ്റകൃത്യം മുന്‍കൂട്ടി അറിഞ്ഞിട്ടും  തടയാന്‍ ശ്രമിച്ചില്ലെന്നതിന് ഐപിസി 118ാം വകുപ്പു പ്രകാരം ചുമത്തിയ കുറ്റമാണ് സിബിഐ പുതിയ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ലാതെ  ഐപിസി 120 ബി പ്രകാരമുള്ള കുറ്റമാക്കി മാറ്റിയത്. തികച്ചും രാഷ്ട്രീയപ്രേരിതമാണ് സിബിഐ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

സിബിഐ ഡിവൈഎസ്പി ഹരികുമാര്‍ ജനുവരി നാലിനാണ് 1472 പേജുള്ള കുറ്റപത്രം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 2018 സെപ്തംബര്‍ ഒമ്പതിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കിയിരുന്നു. തുടര്‍ന്നാണ് തലശേരി കോടതിയില്‍ നല്‍കിയത്. കേരള പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയില്‍  നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐക്കു വിട്ടത്.

കേരള പൊലീസ് അവതരിപ്പിച്ച നാലു സാക്ഷികളെത്തന്നെയാണ് സിബിഐയും  ഗൂഢാലോചനക്കേസില്‍ ആശ്രയിച്ചത്. ഇവരില്‍ രണ്ടുപേര്‍ നേരത്തേ നല്‍കിയ മൊഴിയില്‍നിന്ന് പിന്നോക്കം പോയിരുന്നു. ഷുക്കൂറിനെ അപായപ്പെടുത്താന്‍ തളിപ്പറമ്പ് സഹകരണാശുപത്രി മുറിയില്‍ വച്ച് പ്രതികള്‍  നിര്‍ദ്ദേശിക്കുന്നത് പി ജയരാജനും ടി വി രാജേഷും കേട്ടിരുന്നുവെന്നാണ് ലീഗ് പ്രവര്‍ത്തകരായ സാക്ഷികള്‍ കേരള പൊലീസിനു മൊഴി നല്‍കിയത്. ഇതിന്റെ ബലത്തിലാണ് കുറ്റപത്രത്തില്‍ ഐപിസി 118ാം വകുപ്പനുസരിച്ച് പി ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്. ഈ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. സിബിഐക്കു നല്‍കിയ മൊഴിയില്‍ ഇരുവരും ഇക്കാര്യം പറഞ്ഞിട്ടുമില്ല. ജയരാജനെയും രാജേഷിനെയും കേസുമായി ബന്ധപ്പെടുത്താവുന്ന മറ്റെന്തെങ്കിലും തെളിവ് കണ്ടെത്താനും സിബിഐക്കു കഴിഞ്ഞിട്ടില്ല. എന്നിട്ടും വധഗൂഢാലോചനയില്‍ പ്രതിചേര്‍ത്തത് നിയമവൃത്തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top