18 April Thursday

പുതിയ തെളിവുകളില്ലാതെ പി ജയരാജനും ടി വി രാജേഷിനുമെതിരെ കുറ്റം ചുമത്തി സിബിഐ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

തലശ്ശേരി > മുസ്ലിംലീഗ‌് പ്രവർത്തകൻ പട്ടുവം അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ‌് എംഎൽഎ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം. നേരത്തെ കേരള പൊലീസ‌്, കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞിട്ടും  തടയാൻ ശ്രമിച്ചില്ലെന്നതിന‌് ഐപിസി 118ാം വകുപ്പു പ്രകാരം ചുമത്തിയ കുറ്റമാണ‌് സിബിഐ പുതിയ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ലാതെ  ഐപിസി 120 ബി പ്രകാരമുള്ള കുറ്റമാക്കി മാറ്റിയത‌്. തികച്ചും രാഷ‌്ട്രീയപ്രേരിതമാണ‌് സിബിഐ നടപടിയെന്ന‌് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിബിഐ ഡിവൈഎസ‌്പി ഹരികുമാർ ജനുവരി നാലിനാണ‌് 1472 പേജുള്ള കുറ്റപത്രം തലശേരി പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ സമർപ്പിച്ചത‌്. 2018 സെപ‌്തംബർ ഒമ്പതിന‌് എറണാകുളം ചീഫ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് കേടതിയിൽ സമർപ്പിച്ച കുറ്റപത്രം മടക്കിയിരുന്നു. തുടർന്നാണ‌് തലശേരി കോടതിയിൽ നൽകിയത‌്. കേരള പൊലീസ‌് അന്വേഷണം തൃപ‌്തികരമല്ലെന്നു കാണിച്ച‌് ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയിൽ  നൽകിയ ഹർജിയിലാണ‌് കേസ‌് സിബിഐക്കു വിട്ടത‌്.

കേരള പൊലീസ‌് അവതരിപ്പിച്ച നാലു സാക്ഷികളെത്തന്നെയാണ‌് സിബിഐയും  ഗൂഢാലോചനക്കേസിൽ ആശ്രയിച്ചത‌്. ഇവരിൽ രണ്ടുപേർ നേരത്തേ നൽകിയ മൊഴിയിൽനിന്ന‌് പിന്നോക്കം പോയിരുന്നു. ഷുക്കൂറിനെ അപായപ്പെടുത്താൻ തളിപ്പറമ്പ‌് സഹകരണാശുപത്രി മുറിയിൽ വച്ച‌് പ്രതികൾ  നിർദ്ദേശിക്കുന്നത‌് പി ജയരാജനും ടി വി രാജേഷും കേട്ടിരുന്നുവെന്നാണ‌് ലീഗ‌് പ്രവർത്തകരായ സാക്ഷികൾ കേരള പൊലീസിനു മൊഴി നൽകിയത‌്. ഇതിന്റെ ബലത്തിലാണ‌് കുറ്റപത്രത്തിൽ ഐപിസി 118ാം വകുപ്പനുസരിച്ച‌് പി ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേർത്തത‌്. ഈ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന‌് പിന്നീട‌് തെളിഞ്ഞിരുന്നു. സിബിഐക്കു നൽകിയ മൊഴിയിൽ ഇരുവരും ഇക്കാര്യം പറഞ്ഞിട്ടുമില്ല. ജയരാജനെയും രാജേഷിനെയും കേസുമായി ബന്ധപ്പെടുത്താവുന്ന മറ്റെന്തെങ്കിലും തെളിവ‌് കണ്ടെത്താനും സിബിഐക്കു കഴിഞ്ഞിട്ടില്ല. എന്നിട്ടും വധഗൂഢാലോചനയിൽ പ്രതിചേർത്തത‌് നിയമവൃത്തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നു.

 


പ്രധാന വാർത്തകൾ
 Top