19 September Thursday

ഷുഹൈബ്‌ വധം: പൊലീസ്‌ അന്വേഷണം കാര്യക്ഷമം; സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

കൊച്ചി > കണ്ണൂർ മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ പൊലീസ്‌ അന്വേഷണം കാര്യക്ഷമമായിട്ടാണ്‌ നടക്കുന്നതെന്നുള്ള സംസ്ഥാന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. ഭീകരവാദ പ്രവർത്തനമായി ഷുഹൈബ് വധത്തെ ഉൾപ്പെടുത്താനാവില്ലെന്നും യുഎപിഎ വകുപ്പു നിലനിൽക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
 
പ്രതികൾ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം കാണിച്ച് രാഷ്ട്രീയ വൈരമാണെന്ന് ആരോപിക്കുന്നതിൽ കാര്യമില്ലെന്ന നിലപാടും കോടതിക്ക്‌ ബോധ്യപ്പെട്ടു. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ലോക്കൽ പൊലീസിൽനിന്ന് മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറാവുവെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
 
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ അന്വേഷണം സിബിഐക്ക് വിട്ടത്.
 
കേസ് ഡയറികളോ രേഖകളോ സിംഗിള്‍ ബെഞ്ച് പരിശോധിച്ചിട്ടില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കി കിട്ടാനടക്കം ഹര്‍ജിക്കാരന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലും തടസ്സങ്ങള്‍ ഉന്നയിച്ചില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നതിന് കാരണമായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top