17 January Monday

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള 9 മുതൽ 14 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

തിരുവനന്തപുരം> സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13–--ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 9 മുതൽ 14വരെ തിരുവനന്തപുരത്ത് നടക്കും. 9ന്‌ വൈകിട്ട് ആറിന് ഏരീസ്‌ ഓഡി 1ൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, വി എൻ വാസവൻ എന്നിവർ പങ്കെടുക്കും.

ഏരീസ് പ്ലക്‌സ് എസ്എൽ തിയറ്ററിലെ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലാണ്‌ മേള നടക്കുക. ലോങ്‌ ഡോക്യുമെന്ററി, ഷോർഡ്‌ ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ, മത്സരേതര മലയാളം വിഭാഗം, അന്താരാഷ്ട്ര ഫിക്‌ഷൻ, അന്താരാഷ്ട്ര നോൺ ഫിക്‌ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ വിഭാഗങ്ങളിലായി ദേശീയ തലത്തിലുള്ള മത്സരവും ക്യാമ്പസ് വിഭാഗത്തിൽ സംസ്ഥാനതല മത്സരവും മേളയിലുണ്ട്. ക്യൂറേറ്റഡ്, ഹോമേജ് വിഭാഗങ്ങൾ അടക്കം 220 സിനിമകൾ മേളയിലുൾപ്പെടുത്തിയിട്ടുണ്ട്.

പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. www.idsffk.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി പണമടയ്ക്കാം.  ഏരീസ്‌ പ്ലക്‌സ് എസ്എൽ തിയറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്ന് ഓഫ്‌ ലൈൻ ആയും രജിസ്റ്റർ ചെയ്യാമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top