20 February Wednesday

സ്വന്തം 'വെല്ലുവിളി' വിഴുങ്ങി തടിതപ്പി; ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

കൊച്ചി > പൊതുതാൽപ്പര്യ ഹർജിയെന്ന വ്യാജേന ദുരുദ്ദേശ്യപരമായ ഹർജി നൽകിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ അടച്ചു. ഹെെക്കോടതി  ലീ​ഗൽ സർവീസ് കമ്മിറ്റിയിലാണ‌് തിങ്കളാഴ‌്ച ശോഭാ സുരേന്ദ്രൻ പിഴയടച്ചത‌്. താൻ പിഴയടയ‌്‌‌‌ക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് ഹെെക്കോടതിവിധി വന്നദിവസം ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നത്. താൻ കോടതിയിൽ മാപ്പിരന്നില്ലെന്നും അവർ പറഞ്ഞു. അടിസ്ഥാനരഹിതമായ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചാൽ പിഴ വൻതോതിൽ വർധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ‌് പിഴ അടച്ച് തടിതപ്പിയതെന്നാണ് വിവരം.

വിവരാവകാശ നിയമപ്രകാരം മുമ്പ് നൽകിയ അപേക്ഷയിൽ വിവരങ്ങൾ ലഭിച്ചില്ലെന്നും അത് നൽകാൻ ഉത്തരവുണ്ടാകണമെന്നുമായിരുന്നു ശോഭയുടെ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ശബരിമലയിൽ യുവതീപ്രവേശമാവാമെന്ന സുപ്രീംകോടതി വിധിയെ എതിർത്ത് സംഘപരിവാർ നടത്തിയ അക്രമങ്ങളുടെ വിവരം വേണമെന്നായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം. എന്തുകൊണ്ടാണ് ഹർജിയിലെ ഇടക്കാല ആവശ്യം ഇതായതെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വിലകുറഞ്ഞ പ്രശസ്‌തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ടെഹസീൻ പൂനാവാല കേസിൽ പൊതുതാൽപ്പര്യ ഹർജികളുടെ സ്വഭാവത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ കാഴ്‌ചപ്പാടുകൾക്ക് എതിരാണ് ശോഭയുടെ ഹർജിയെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കാൻ തയ്യാറായ ശോഭയുടെ അഭിഭാഷകൻ നിരുപാധികം മാപ്പുപറഞ്ഞു. എന്നാൽ, അനാവശ്യ വ്യവഹാരങ്ങൾക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കിയാണ് 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ‌്ക്കാൻ കോടതി നിർദേശിച്ചത്. പിഴ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top