10 November Sunday
പിഴയിൽനിന്ന് അഞ്ചുലക്ഷം രൂപ ഷിബിന്റെ 
 അച്ഛനും ശേഷിക്കുന്ന തുക സാക്ഷികളായ 
ആറുപേർക്കും നൽകണം

തൂണേരി ഷിബിന്‍ വധക്കേസ് ; ലീഗുകാരായ 7 പ്രതികൾക്കും ജീവപര്യന്തം

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024


കൊച്ചി
ഡിവൈഎഫ്ഐ പ്രവർത്തകൻ നാദാപുരം തൂണേരിയിൽ ചടയങ്കണ്ടി ഷിബിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ഏഴ്‌ മുസ്ലിംലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1,10,000 രൂപവീതം പിഴയും ശിക്ഷ. ഒന്നാംപ്രതി തൂണേരി തെയ്യമ്പാടി ഇസ്മായിൽ (36), രണ്ടാംപ്രതിയും ഇസ്മായിലിന്റെ സഹോദരനുമായ മുനീർ (34), നാലുമുതൽ ആറുവരെ പ്രതികളായ വരാങ്കി താഴകുനി സിദ്ദീഖ്  (38), മനിയന്റവിട മുഹമ്മദ് അനീസ് (27), കളമുള്ളതിൽ താഴകുനി ശുഹൈബ് (28), 15–ാംപ്രതി കൊച്ചന്റവിട ജാസിം (28), 16–ാം പ്രതി കടയംകോട്ടുമ്മൽ അബ്ദുസമദ് എന്ന സമദ് (32) എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്.

പലവകുപ്പുകളിലായി ആറരവർഷം തടവുശിക്ഷയും  വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയൊടുക്കുന്നതിൽനിന്ന് അഞ്ചുലക്ഷം രൂപ ഷിബിന്റെ അച്ഛനും ശേഷിക്കുന്ന തുക ആക്രമണത്തിൽ പരിക്കേറ്റ, സാക്ഷികളായ ആറുപേർക്കും നൽകണം. 

തെളിവില്ലെന്നുപറഞ്ഞ്‌ പ്രതികളെ വെറുതെവിട്ട മാറാട് സ്പെഷ്യൽ അഡീഷണൽ കോടതിവിധി ചോദ്യംചെയ്ത് സർക്കാരും ഷിബിന്റെ അച്ഛൻ ഭാസ്കരനും പരിക്കേറ്റ സാക്ഷികളും നൽകിയ അപ്പീലുകളിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ, ജസ്റ്റിസ് സി പ്രതീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. പ്രതികൾ കുറ്റക്കാരാണെന്ന് നാലിന്‌ കോടതി കണ്ടെത്തിയിരുന്നു.  മൂന്നാംപ്രതി കാളിയറമ്പത്ത് അസ്‌ലം 2016ൽ മരിച്ചതിനാൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 17 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്‌. കുറ്റകൃത്യത്തിൽ നേരിട്ട് ബന്ധമില്ലാത്ത 9 പേരെ വിട്ടയച്ചു.

ഒന്നാംപ്രതി വിദേശത്തുള്ള തെയ്യമ്പാടി ഇസ്മായിൽ ഇതുവരെ കീഴടങ്ങിയിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എസ് യു നാസറും ഷിബിന്റെ അച്ഛനുവേണ്ടി അഡ്വ. കെ വിശ്വനും സാക്ഷികൾക്കുവേണ്ടി അഡ്വ. അരുൺ ബോസും അഡ്വ. പി എസ് പൂജയും ഹാജരായി.  ഷിബിനെ 2015 ജനുവരി 22നാണ് മുസ്ലിംലീഗ്‌–-യൂത്ത്‌ലീഗ്‌ ക്രിമിനൽസംഘം വെട്ടിക്കൊന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top