വയനാട്> ബത്തേരി സർവജന സ്കൂളിൽ പാമ്പു കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എത്തി രക്ഷിതാക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. മന്ത്രിക്കൊപ്പും കൃഷിമന്ത്രി വി എസ് സുനിൽകുമാരും ഉണ്ടായിരുന്നു.
ശനിയാഴ്ച്ച രാവിലെ 7.45ഓടെയാണ് മന്ത്രിമാർ വീട്ടിലെത്തിയത്. ഷഹ്ലയുടെ ഉപ്പ അസീസിനേയും ഉമ്മ സജ്നയേയും ബന്ധുക്കളെയും മന്ത്രിമാർ ആശ്വസിപ്പിച്ചു. ദു:ഖത്തിൽ പങ്കുചേരുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി രവീന്ദ്രാഥ് കുടുംബാംഗങ്ങളെ അറിയിച്ചു.
അരമണിക്കൂർ വീട്ടിൽ ചെലവഴിച്ചശേഷം മന്ത്രിമാർ ഷഹല പഠിച്ചിരുന്ന ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെത്തി. ഷഹലക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറിയും മുറിക്കുള്ളിലെ മാളവും കണ്ടു. സ്കൂൾ അധികൃതരോടും വിവരങ്ങൾ ആരാഞ്ഞ് മടങ്ങി. എംഎൽഎമാരാ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്ണൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, എസ്സിഇആർടി ഡയറക്ടർ ഡോ. ജയപ്രസാദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രാഥമീകാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാർക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകാൻ പാടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടി മരിച്ച സംഭവത്തിൽ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരൻ, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനൻ, അധ്യാപകന് ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ശക്തമായ നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്.
സ്കൂൾ പ്രിൻസിപ്പാളിനെയും ഹൈസ്കൂൾ ചുമതലയുള്ള വൈസ് പ്രിൻസിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്കൂളിന്റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന് ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..