14 December Saturday

ഷെഹ്‌ലയുടെ മരണം: അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പൊലീസ്‌ കേസെടുത്തു

സ്വന്തം ലേഖികUpdated: Saturday Nov 23, 2019


ബത്തേരി
ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പ്‌ കടിയേറ്റ്‌ മരിച്ച സംഭവത്തിൽ പൊലീസ്‌ കേസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എ കെ കരുണാകരൻ, വൈസ്‌ പ്രിൻസിപ്പൽ കെ കെ മോഹനൻ, അധ്യാപകൻ സി വി ഷജിൽ, ബത്തേരി താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയി എന്നിവർക്കെതിരെയാണ്‌ കേസ്‌. ജില്ലാ പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരം  ബത്തേരി പൊലീസാണ്‌ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുത്തത്‌.

പ്രിൻസിപ്പലിനെയും വൈസ്‌ പ്രിൻസിപ്പലിനെയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. കുട്ടിയെ സമയത്ത്‌ ആശുപത്രിയിൽ എത്തിക്കാത്തതിനും, ക്ലാസും സ്‌കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും വീഴ്‌ച  വരുത്തിയതിനുമാണ്‌ നടപടി. അധ്യാപകൻ സി വി ഷജിലിനെയും ചികിത്സയിൽ വീഴ്‌ച വരുത്തിയ ബത്തേരി താലൂക്ക്‌ ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയിയെയും വ്യാഴാഴ്‌ച സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.  പിടിഎ കമ്മിറ്റി പിരിച്ച്‌ വിടാൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശുപാർശ ചെയ്‌തു.

ഷഹലയുടെ മരണത്തിനുത്തരവാദികളായവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട്‌ ബത്തേരി ഗവ. സർവജന  സ്‌കൂളിന്‌ മുന്നിൽ കഴുത്തിൽ പ്ലാസ്‌റ്റിക്‌ പാമ്പ്‌ചുറ്റി വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ

ഷഹലയുടെ മരണത്തിനുത്തരവാദികളായവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട്‌ ബത്തേരി ഗവ. സർവജന സ്‌കൂളിന്‌ മുന്നിൽ കഴുത്തിൽ പ്ലാസ്‌റ്റിക്‌ പാമ്പ്‌ചുറ്റി വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ


 

കുട്ടിയുടെ മരണത്തിനുത്തരവാദികളായവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട്‌ കൽപ്പറ്റയിലും ബത്തേരിയിലും വിദ്യാർഥികളും യുവാക്കളും  തെരുവിലിറങ്ങിയിരുന്നു. നഗരം വിദ്യാർഥി പ്രതിഷേധത്താൽ തിളച്ചുമറിഞ്ഞു. കഴുത്തിൽ പ്ലാസ്‌റ്റിക്‌ പാമ്പിനെ ചുറ്റിയ വിദ്യാർഥികൾ പ്ലക്കാർഡുകളും കരിങ്കൊടികളുമേന്തി  പ്രകടനം നടത്തി. സ്‌കൂളിനുമുമ്പിൽ മുദ്രാവാക്യം വിളിച്ച്‌ ഉച്ചവരെ   കുത്തിയിരിപ്പ്‌ സമരം നടത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്‌, വെള്ളിയാഴ്‌ച ജില്ലാ ജഡ്‌ജി വി ഹാരീസ്‌, സബ്‌ജഡ്‌ജി  ബൈജുനാഥ്‌, ലീഗൽ സർവീസസ്‌ അതോറിറ്റി ചെയർപേഴ്‌സൺ കെ പി സുനിത എന്നിവർ സ്‌കൂളിലെത്തി തെളിവെടുത്തു.  അധ്യാപകരെ ചോദ്യം ചെയ്‌തു. നിയമനടപടികൾ സ്വീകരിക്കുമെന്നും  റിപ്പോർട്ട്‌  ഉടൻ ഹൈക്കോടതിക്ക്‌ കൈമാറുമെന്നും ജില്ലാ ജഡ്‌ജി  പറഞ്ഞു.   

കൽപ്പറ്റ കലക്ടറേറ്റിലേക്ക്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ മാർച്ച്‌ നടത്തി. യുവജന പ്രതിഷേധത്തിൽ കലക്ടറേറ്റ്‌ പരിസരം സംഘർഷഭരിതമായി. എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ ലാത്തി വീശി നീക്കി. യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്‌ പ്രവർത്തകരും കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി.

 


പ്രധാന വാർത്തകൾ
 Top