03 August Monday

ഇവർ തോൽക്കാത്ത പെൺപേരുകൾ; ഒളവണ്ണക്കാരുടെ ഹീറോസ് ശാരുതിയും ധാർബികദാസും

വിപിൻ വാസുദേവ്‌Updated: Sunday Jul 5, 2020
കോഴിക്കോട് > കോവിഡിനെതിരെ ലോകം പോരാടുമ്പോൾ ഒളവണ്ണക്കാരുടെ ഹീറോസ് രണ്ടു പെൺകുട്ടികളാണ്;  ശാരുതിയും ധാർബികദാസും. ‘‘ഭയമില്ലായിരുന്നു, മനസ്സു നിറ‌യെ സന്തോഷം മാത്രം. ജീവിതത്തിൽ എന്തെങ്കിലും നല്ലകാര്യങ്ങളൊക്കെ ചെയ്യേണ്ടേ’’–- അഭിമാനത്തോടെ ഇരുവരും പറയുന്നു. കോവിഡ് കാലത്തെ നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും പ്രതീകമാവുകയാണ് ഈ ചുണക്കുട്ടികൾ.
 
പൂളേങ്കരയിലെ പ്രത്യേക കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലുള്ളവർക്ക് 19 ദിവസം താങ്ങായത് ഈ മിടുക്കികളായിരുന്നു. കലക്ടറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഫെയ്സ് ബുക്ക് പേജിലാണ് കോവിഡ് കെയർ സെന്ററിലേക്ക് യുവാക്കളെ ആവശ്യമുണ്ടെന്ന അറിയിപ്പ് കാണുന്നത്. യുവാക്കൾ എന്നാൽ പുരുഷന്മാർ മാത്രമല്ലല്ലോ, യുവതികളും ഇല്ലേ എന്ന ചോദ്യവുമായി ഇരുവരുമിറങ്ങി. ഇവരുടെ നിശ്ചയദാർഢ്യത്തിന്  പഞ്ചായത്തും കൂടെ നിന്നു.
 
രാവിലെ ഏഴരക്ക്‌  ഇരുവരും ധാർബികയുടെ സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങും. സെന്ററിലെത്തിയാൽ അവിടെയുള്ളവരുമായി  കുടുംബംപോലെയാവുമെന്ന് ഇവരുടെ സാക്ഷ്യം.  നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും വെള്ളവുമെത്തിക്കും. പരിസരവും ശുചീകരിക്കും. വെെകിട്ട് ആറോടെ വീട്ടിലേക്ക് മടങ്ങും. വീട്ടിലെത്തി കുളി കഴിഞ്ഞ് കുടുംബാംഗങ്ങളുമായി ബന്ധമില്ലാതെ തനിച്ച്‌ മുറിയിൽ. 19 ദിവസം യഥാർഥത്തിൽ ഇരുവരും വീട്ടിൽ ക്വാറന്റെെനിൽ കഴിഞ്ഞു. വീട്ടുകാരിൽ നിന്ന്‌  നല്ല പിന്തുണ ലഭിച്ചെന്ന് ഇവർ പറയുന്നു. പ്രളയ കാലത്ത്‌ കമ്യൂണിറ്റി കിച്ചനിലും   സജീവമായിരുന്നു.
 
ധാർബിക ദാസ് ഡിവെെഎഫ്ഐ കുന്നത്തുപാലം മേഖലാ പ്രസിഡന്റാണ്. കോഴിക്കോട്‌  സെന്റ് ജോസഫ്സ്‌ ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം താൽക്കാലിക അധ്യാപികയായിരുന്നു. എം ജി നഗറിലെ  എം എം ദാസന്റെയും പി ഷീബയുടെയും മകളാണ്. ഭവൻസിൽ എൽഎൽബി അഞ്ചാം വർഷ വിദ്യാർഥിയാണ് ശാരുതി. ഇരിങ്ങല്ലൂരിലെ പി മനോഹരന്റെയും എം റജീനയുടെയും മകളാണ്. ഡിവെെഎഫ്‌ഐ ഇരിങ്ങല്ലൂർ മേഖലാ ജോയിന്റ്‌ സെക്രട്ടറിയും സിപിഐ എം അംഗവുമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top