22 March Friday

ശോഭാ സുരേന്ദ്രന് കോടതി നല്‍കിയത് കനത്ത ആഘാതം: വിധിയില്‍ വിമര്‍ശനങ്ങള്‍ ഏറെ: പൂര്‍ണരൂപം വായിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കൊച്ചി> വളഞ്ഞവഴിയിലൂടെ പൊതുതാൽപര്യ ഹർജിയുമായി പോയി  പിഴശിക്ഷ കിട്ടിയ ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്‌ കടുത്ത ആഘാതം. ഒന്നോ രണ്ടോ വരിയില്‍ അവരുടെ ഹര്‍ജി തള്ളുകയായിരുന്നില്ല കോടതി. ചീഫ്‌ ജസ്‌റ്റിസ്‌ ഹൃഷികേശ്‌ റോയിയും ജ. എ കെ ജയശങ്കർ നമ്പ്യാരും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ ആറുപേജുള്ള വിധിന്യായത്തില്‍  ഹർജിക്കാരിയുടെ ദുരുദ്ദേശപരമായ നീക്കത്തെ വിശദമായി തന്നെ തുറന്നുകാട്ടുന്നു. വിധിയുടെ പൂർണരൂപം ഇപ്പോള്‍ ലഭ്യമാണ്. പിഴ രണ്ടാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ സര്‍ക്കാരിനു റവന്യു റിക്കവറി നടപടികള്‍ സ്വീകരിയ്ക്കാമെന്നും വിധിയിലുണ്ട്.

വിധി തുടങ്ങുന്നത്‌ ഇങ്ങനെ:
‘ഒരു പൊതുതാൽപര്യ ഹർജി എന്ന മട്ടിലാണ്‌ ഹര്‍ജി തയ്യാറാക്കിയിരിക്കുന്നത്‌. എന്നാൽ ഞങ്ങളുടെ കാഴ്‌ചപ്പാടിൽ ഈ കേസ്‌ സദുദ്ദേശത്തോടെയുള്ള ഒന്നല്ല, വളഞ്ഞ വഴിയിൽ പരാതിക്കാരിക്ക്‌ പബ്ലിസിറ്റി നേടാനുള്ള നീക്കം മാത്രമാണ്‌’’. സുപ്രിംകോടതിയുടെ ഒരു വിധി ഉദ്ധരിച്ചാണ്‌ ഹർജി ഫയൽ ചെയ്യപ്പെട്ടത്‌. എന്നാൽ ഹർജിക്കാരിയുടെ ഒരു ഇടക്കാല ആവശ്യം ശബരിമല തീർഥാടകർക്കെതിരെ വിവിധ ജില്ലകളിൽ എടുത്ത കേസുകളുടെ വിവരം അറിയണം എന്നാണ്‌. വാദത്തിനടിയിൽ ശബരിമലയിലേക്കുപോയ തീർഥാടകർക്കെതിരെ പൊലീസിന്റെ പീഡനം  ഉണ്ടാകുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. സുപ്രിം കോടതിവിധി മുന്‍നിര്‍ത്തി ഹർജിക്കാരി ആവശ്യപ്പെട്ട വിവരങ്ങളുമായി ഒരു ബന്ധവും ഈ ആവശ്യങ്ങൾക്കില്ലെന്ന്‌ വളരെ എളുപ്പത്തിൽ മനസ്സിലാക്കാം. ആ വിധിയില്‍  പറയുന്നത്‌ സംസ്‌ഥാനത്ത്‌ പ്രതികളെ വിട്ടയക്കുന്ന കേസുകളിലൂടെ പരിശോധനയ്‌ക്ക്‌ സംസ്‌ഥാന സർക്കാർ കമ്മറ്റി രൂപീകരിക്കേണ്ടതിനെപ്പറ്റിയാണ്‌.'-ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. 

പൊതുതാൽപര്യഹർജികൾ വ്യക്തി താൽപര്യത്തിനും രാഷ്‌ട്രീയ താൽപര്യത്തിനുമായി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി സുപ്രിംകോടതി പലവട്ടം ചൂണ്ടിക്കാട്ടിയ കാര്യം വിധിയില്‍ കോടതി എടുത്തുപറയുന്നു. അതിനു സുപ്രിംകോടതി നിശ്‌ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങളും ഉദ്ധരിക്കുന്നു.

‘‘ഈ കേസിൽ പരാതിക്കാരിയുടെ യഥാർഥ ലക്ഷ്യങ്ങൾ ഒളിച്ചുവെക്കുന്ന വിധത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച്‌ സ്വന്തം വ്യക്തിതാൽപര്യം നേടിയെടുക്കാനാണ്‌ ശ്രമമെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. നിയമപ്രക്രിയയെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ്‌ പരാതിക്കാരിയുടെ നീക്കം. സദുദ്ദേശമല്ല, ദുരുദ്ദേശമാണ്‌ ഈ ഹർജിക്കു പിന്നിലെന്ന്‌ വ്യക്തം’ ‐ ഉത്തരവിൽ പറയുന്നു.

അതുകൊണ്ടാണ്‌ 25,000 രൂപ പിഴ വിധിച്ച്‌ ഹർജി തള്ളുന്നതെന്ന്‌ ജഡ്‌ജിമാർ വ്യക്തമാക്കി. പരാതിക്കാരിയുടെ അഭിഭാഷകൻ നിരുപാധികം മാപ്പു പറഞ്ഞെങ്കിലും പിഴ വിധിയ്‌ക്കേണ്ടതുണ്ടെന്ന്‌ ഞങ്ങൾ കരുതുന്നു. പരാതി പിൻവലിക്കാമെന്ന അഭിഭാഷകന്റെ വൈകിവന്ന അഭ്യർഥനയും സ്വീകരിക്കുന്നില്ല. പിഴസംഖ്യ ഹൈക്കോടതിയുടെ ലീഗൽ സർവീസ്‌ അതോറിറ്റിയിൽ രണ്ടാഴ്‌ചയ്‌ക്കകം അടയ്‌ക്കണം. ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ സർക്കാരിന്‌ സ്വീകരിക്കാമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

വിധിയുടെ പൂര്‍ണരൂപം ഇവിടെ:

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top