20 September Sunday

അവശേഷിച്ച ശംഖുംമുഖം തീരവും കടലെടുത്തു; കടലാക്രമണം അതിരൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

ശംഖുംമുഖത്തിനു സമീപം കടൽഭിത്തി തകർന്ന് അപകടാവസ്ഥയിലായ വീടുകൾ

തിരുവനന്തപുരം > തീരങ്ങളിൽ കടലാക്രമണം അതിരൂക്ഷമായി. അവശേഷിച്ചിരുന്ന ശംഖുംമുഖത്തിന്റെ തീരംകൂടി കടലെടുത്തു. രണ്ട്‌ വള്ളം ഒഴുകിപ്പോയി.  വലിയതുറ, പൂന്തുറ, ബീമാപള്ളി  എന്നിവിടങ്ങളിലും സ്ഥിതി അപകടകരമാണ്‌. ശക്തമായ തിരമാലകൾക്കൊപ്പം കടൽക്കാറ്റും രൂക്ഷമാണ്‌. നാല്‌ വീട്‌ പൂർണമായും രണ്ട്‌ വീട്‌ ഭാഗികമായും തകർന്നു. അടുത്ത ദിവസങ്ങളിലായി 11 വീടാണ്‌ ഇവിടെ തകർന്നത്‌.  ശംഖുംമുഖം ചെറുവെട്ടുകാട്ടാണ്‌  നാലു വീട്‌ പൂർണമായി തകർന്നത്‌. ഫിലോമിന, ബിജു, മേബിൾ, ഷാനവാസ് എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്.

അമലോൽഭവം, ജിനി സ്റ്റാലിൻ എന്നിവരുടെ വീട്‌ ഭാഗികമായി തകർന്നു. ചെറിയതുറ ബീമാപള്ളി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ നൂറോളം വീട്‌ ഭീഷണിയിലാണ്. പൂന്തുറ, ചേരിയാമുട്ടം, നടുത്തറ എന്നീ സ്ഥലങ്ങളിലും ശക്തമായ കടലാക്രമണമുണ്ട്. ഒരു കിലോമീറ്ററോളമുള്ള കടൽഭിത്തികൾ തകർച്ചാഭീഷണിയിലാണ്. തിരകൾ മണ്ണ് വലിച്ചെടുക്കുന്നതിനാൽ ഭിത്തി താഴ്ന്നിട്ടുണ്ട്. മുകളിലൂടെ തിരമാലകൾ അടിച്ചുകയറി സമീപത്തുള്ള വീടുകളിൽ എത്തുന്നുണ്ട്. ആദ്യവരിയിലുള്ള വീടുകളിൽ വെള്ളം കയറി. സംരക്ഷണത്തിനായി വച്ച മണൽച്ചാക്കുകളും ഒഴുകി പോയി. തീരത്ത് കിടന്ന വള്ളങ്ങൾക്കും കേട് പറ്റി. മിക്കവരും ദുരിതാശ്വാസക്യാമ്പുകളിലേക്ക്‌ മാറി. സർക്കാർ വേണ്ട നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ശനിയാഴ്ച നാട്ടുകാർ റോഡ് ഉപരോധിച്ചു. ആർഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയശേഷമാണ്‌   നാട്ടുകാർ പിരിഞ്ഞുപോയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top