13 August Thursday

ഷെയിനെ ചൊല്ലി താരസംഘടനയിൽ തർക്കം

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019

കൊച്ചി > ഷെയിൻ നിഗം പ്രശ്നം പരിഹരിക്കാൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി താരസംഘടനയായ എഎംഎംഎയിൽ (അമ്മ) തർക്കം. സംഘടനയിൽ ചർച്ച ചെയ്യാതെ നടത്തുന്ന ഒത്തുതീർപ്പിൽ സഹകരിക്കില്ലെന്നാണ്‌ നിർവാഹക സമിതിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്‌. ഏകപക്ഷീയ തീരുമാനങ്ങൾ ഉണ്ടായാൽ രാജിവയ്ക്കുമെന്ന് നിർവാഹകസമിതി അംഗം ഉണ്ണി ശിവപാൽ പ്രതികരിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന്‌ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഷെയിനുമായി ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ പ്രതികരണവുമായി ഉണ്ണി രംഗത്തുവന്നത്‌. പ്രശ്‌നം എത്രയുംവേഗം ഒത്തുതീർപ്പാക്കാൻ പ്രസിഡന്റ് മോഹൻലാൽ നിർദേശിച്ചിട്ടുണ്ടെന്ന്‌ ഇടവേള ബാബു പറഞ്ഞു.

സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് എഎംഎംഎ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ചർച്ച നടത്തി തീരുമാനമെടുക്കുക. തീരുമാനം അംഗീകരിക്കാൻ ഷെയിൻ നിഗം പൂർണസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം, സെറ്റിൽ 18 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന ഷെയിനിന്റെ വാദം ശരിയല്ലെന്ന്‌ ‘വെയിൽ’ സിനിമയുടെ സംവിധായകൻ ശരത്‌ മേനോൻ ആരോപിച്ചു. ഷെയിൻ പല ഘട്ടങ്ങളിലും സിനിമയുമായി സഹകരിച്ചിരുന്നില്ല. സംവിധായകൻ എന്ന നിലയിൽ ഒരുവിധ സമ്മർദവും നൽകിയിട്ടില്ല. ഷെയിനിന്റെ നിസ്സഹകരണം കാരണമാണ് പലപ്പോഴും ചിത്രീകരണം മുടങ്ങിയത്‌. 

ഒരു ദിവസം 18 മണിക്കൂർവരെ അഭിനയിക്കുന്നുവെന്ന വാദം ശരിയല്ല. പരമാവധി ഒരു ദിവസം 45 മിനിറ്റാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച സമയത്തിന് കൃത്യമായ തെളിവുണ്ട്‌. ഇത് ഫെഫ്കയ്‌ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. അഞ്ചുദിവസവും ഷെയിൻ ചിത്രീകരണത്തോട്‌ സഹകരിച്ചില്ല. ഷെയിനിനായി മണിക്കൂറുകളോളം സെറ്റിൽ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് നിർമാതാക്കൾക്ക്‌ വന്ന നഷ്ടം ഷെയിൻ നികത്തണമെന്ന്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തതെന്നും ശരത്‌ മേനോൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top