09 August Sunday

വിശ്വാസ്യതയ്‌ക്ക്‌ വേണ്ടി ബന്ധുക്കളെ അടക്കം അണിനിരത്തി; സിനിമയെ വെല്ലുന്ന തിരക്കഥയെന്ന്‌ ഷംന

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കൊച്ചി > ബ്ലാക്ക്‌മെയിലിങ്‌ സംഘത്തിന്റേത്‌ സിനിമയെ വെല്ലുന്ന തിരക്കഥയെന്ന്‌ നടി ഷംന കാസിം. മതത്തിന്റെ മറവിലായിരുന്നു പല കാര്യങ്ങളും വിശ്വസിപ്പിക്കാൻ ശ്രമിച്ചത്‌. വിവാഹം ആലോചിച്ചയാൾ (അൻവർ) ആദ്യമായി വീഡിയോ കോളിൽ വന്നപ്പോൾ മുഖം പോലും കാണിക്കാൻ തയ്യാറായില്ല. ഇതേവരെ ഷംനയെ കണ്ടിട്ടില്ല എന്ന്‌ ഉമ്മയ്‌ക്ക്‌ കൊടുത്ത വാക്ക്‌ പാലിക്കാനാണ്‌ ഇതെന്ന്‌ പറഞ്ഞിരുന്നതായി ഷംന കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉമ്മയാണെന്ന്‌ പരിചയപ്പെടുത്തിയ ആൾ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. സുഹറ എന്നാണ്‌ പേര്‌ പറഞ്ഞത്‌. വിദേശത്തുള്ള സഹോദരനെയും ഇടയ്‌ക്ക്‌ വിളിക്കും. സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെയും സംസാരം. വാപ്പ എന്ന്‌ പരിചയപ്പെടുത്തിയ മുഹമ്മദ്‌ ഹാജിയുടെ കഥാപാത്രം സിനിമയാക്കിയാൽ അവാർഡ്‌ കിട്ടാവുന്ന ഒന്നാണ്‌. അത്രയ്‌ക്ക്‌ സ്വാഭാവികമായാണ്‌ അവരുടെ പദ്ധതികളെല്ലാം. ഡാഡിയ്‌ക്ക്‌ ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല വാപ്പയായും മകനായും ഒരാൾതന്നെയായിരുന്നു വിളിച്ചിരുന്നതെന്ന്‌.

വീഡിയോ കോൾ ചെയ്‌തപ്പോൾ മുഖം കാണിക്കാതിരുന്നത്‌ മുതലാണ്‌ ചെറിയ സംശയം തോന്നിത്തുടങ്ങിയത്‌. അതുവരെ യാതൊരു സംശയത്തിനും ഇടതരാത്ത പ്രകടനമായിരുന്നു അവർ ഓരോരുത്തരുടേയും. അതിനും അൻവർ പിറ്റേന്ന്‌ വിളിച്ച്‌ ക്ലാരിറ്റി തന്നു. ഉമ്മയും മതവുമൊക്കെത്തന്നെയായിരുന്നു പ്രധാന പോയിന്റ്‌. സ്ഥിരമായി ഖുറാനിലെ വാചകങ്ങളും മതത്തിന്റെ രീതികളുമൊക്കെയായിരുന്നു മുഹമ്മദ്‌ ഹാജി എന്നയാളുടെ സംസാരത്തിൽ വരാറുള്ളത്‌.

വിവാഹ ആലോചനയ്ക്കെന്ന പേരില്‍ ഫോണിൽ സംസാരിച്ചവരിൽ സ്ത്രീകളുണ്ട്. ഒരു കുട്ടി വന്ന് ഹലോ പറഞ്ഞു പോയി. തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതായി പൊലീസ്‌ പറഞ്ഞതിൽ വസ്തുതയുണ്ടാകാം. ഇതിനാകാം വീടിന്റെയും വാഹനത്തിന്റെയും ചിത്രം പകർത്തിയത്.  മെയ്‌ 25നാണ് വിവാഹാലോചനയുമായി എത്തിയത്‌. അൻവർ എന്നയാളാണ്‌ പണം ചോദിച്ചത്. കൊച്ചിവരെ വരുന്നുണ്ടെന്നും അമ്മ സുഹറയ്‌ക്ക്‌ പെൺകുട്ടിയെ കാണണം എന്നും പറഞ്ഞു. പെണ്ണും ചെറുക്കനും സംസാരിക്കണമെന്ന്‌ പറഞ്ഞപ്പോൾ അൻവറിന്റെ പേരിൽ സംസാരിച്ചത് വേറെയാളാണ്‌. വീഡിയോ കോളിൽ സംസാരിച്ചപ്പോൾ മുഖം മറച്ചുപിടിച്ചു. ഇപ്പോള്‍ അറസ്‌റ്റിലായവർ  സ്വർണം കടത്താൻ ആവശ്യപ്പെട്ടിട്ടില്ല. അൻവറിന്റെ പേരിൽ കാണിച്ചത് മറ്റൊരാളുടെ ചിത്രമായിരുന്നു. പണം ചോദിച്ചപ്പോഴാണ് സംശയമായത്‌. വിലാസം വ്യാജമാണെന്ന്‌ മനസ്സിലായി. പണം ചോദിച്ചതിന് ‘ചെറുക്കന്റെ അച്ഛൻ’ പിന്നീട് ക്ഷമ പറഞ്ഞു.

കുടുംബത്തെ പറ്റി കോഴിക്കോട്‌ രാമനാട്ടുകരയിൽ അന്വേഷിച്ചു. അങ്ങനെ പേരുള്ളയാൾ അവിടെ ഉണ്ടെന്നായിരുന്നു അറിഞ്ഞത്‌. അവരെക്കുറിച്ച്‌ കൂടുതൽ അറിയാൻ ശ്രമിക്കാതിരുന്നത്‌ പിഴവാണ്‌. ഒരാഴ്‌ചകൊണ്ടാണ്‌ ഇവർ തട്ടിപ്പുസംഘമാണെന്ന്‌ മനസ്സിലായത്‌. ഒമ്പതു വയസ്സുള്ള കുട്ടിയെക്കൊണ്ടുവരെ ഫോണിൽ സംസാരിപ്പിച്ചിട്ടുണ്ട്‌. സഹോദരന്റെ മകളാണ്‌ എന്നാണ്‌ പരിചയപ്പെടുത്തിയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ പറയാനുള്ള നുണക്കഥയ്‌ക്ക്‌ മുൻപത്തെ ദിവസംതന്നെ കാരണങ്ങൾ എന്നേക്കൊണ്ട്‌ വിശ്വസിപ്പിച്ചിരുന്നു. വിവാഹാലോചന തുടങ്ങിയ ശേഷമാണ്‌ മെസേജിലൂടെ സംസാരിച്ചത്‌ ‐ ഷംന പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top