25 January Saturday

ന്റെ മോള്‌... ഉപ്പ വിതുമ്പി; നെഞ്ചോടുചേർത്ത്‌ മന്ത്രി

വി ജെ വർഗീസ‌്Updated: Sunday Nov 24, 2019

കൽപ്പറ്റ > ഷഹലയുടെ ഉപ്പയെ കണ്ടയുടൻ മന്ത്രി സി രവീന്ദ്രനാഥ്‌ കെട്ടിപ്പിടിച്ച്‌ നേഞ്ചോട്‌ ചേർത്തു. പൊന്നുമോളെ നഷ്ടപ്പെട്ട അസീസ്‌ മന്ത്രിയുടെ ചുമലിൽ തലചായ്‌ച്ച്‌ വിതുമ്പി. വിങ്ങിപ്പൊട്ടി കസേരയിലിരുന്ന പിതാവിന്റെ  കൈകൾ ഒപ്പമുണ്ടായിരുന്ന മന്ത്രി വി എസ്‌ സുനിൽകുമാർ കോർത്തുപിടിച്ചു. ‘ന്റെ മോള്‌’–-അസീസിന്‌ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഈറനണിഞ്ഞ കണ്ണുകളോടെ മന്ത്രിമാർ  സങ്കടം കേട്ടു. അധ്യാപകരുടെ അലംഭാവത്തിന്‌ ഷഹലയുടെ ഉമ്മ സജ്‌നയുടെ മുമ്പിൽ കൈകൂപ്പി മന്ത്രി സി രവീന്ദ്രനാഥ്‌ മാപ്പ്‌ ചോദിച്ചു. കരഞ്ഞെത്തിയ  വല്യുപ്പ മാമൂക്കോയയെയും ചേർത്തുനിർത്തി.

വാക്കുകൾ മുറിഞ്ഞുപോയ നിമിഷം. സ്‌കൂളിൽ പാമ്പ്‌ കടിയേറ്റ്‌ മരിച്ച വിദ്യാർഥിനി ഷഹല ഷെറിന്റെ ബത്തേരി പുത്തൻകുന്നിലെ വീട്ടിൽ ശനിയാഴ്‌ച രാവിലെ 7.45ഓടെയാണ്‌ മന്ത്രിമാർസാന്ത്വനവുമായെത്തിയത്‌. അരമണിക്കൂറോളം  ചെലവഴിച്ച്‌ ഉറ്റവരുടെ സങ്കടങ്ങൾകേട്ടു. കുറ്റക്കാരായവർക്കെതിരെ കർശന നടപടി  ഉറപ്പുനൽകി. സർക്കാരിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വേദനയാണ്‌ പങ്കുവയ്‌ക്കുന്നതെന്ന്‌  മന്ത്രിമാർ പറഞ്ഞു. വീട്ടിൽനിന്നുമിറങ്ങിയ മന്ത്രിമാർ നേരെ സ്‌കൂളിലേക്കാണ്‌ പോയത്‌.  ക്ലാസ്‌ മുറിയിൽ അവസാനമായി ഷഹലയിരുന്ന ബെഞ്ചിൽ അവർ അൽപ്പനേരം ഇരുന്നു. സ്‌കൂളും പരിസരവും സന്ദർശിച്ച് നടപ്പാക്കേണ്ട കാര്യങ്ങൾ അധികൃതരെ ഓർമപ്പെടുത്തി.

വികസന പദ്ധതികൾ പ്രഖ്യാപിച്ച ശേഷം ഇനി  ഒരിടത്തും ഷഹലമാരുണ്ടാകരുതെന്ന്‌ പറഞ്ഞായിരുന്നു  മടക്കം. എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്‌ണൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രസാദ്‌ എന്നിവരും മന്ത്രിമാർക്കൊപ്പമുണ്ടായി.


പ്രധാന വാർത്തകൾ
 Top