13 December Friday

ഷാഫിക്ക്‌ ബിജെപിയുടെ കുഴൽപ്പണം ; മുഖം നഷ്ടമായെന്ന്‌ എഐസിസിക്ക്‌ കത്ത്‌

വേണു കെ ആലത്തൂർUpdated: Thursday Nov 14, 2024


പാലക്കാട്‌
കൊടകര കുഴൽപ്പണം കൈകാര്യം ചെയ്തവർ ഷാഫി പറമ്പിലിന്‌ നാലുകോടി നൽകിയെന്ന വെളിപ്പെടുത്തലുണ്ടായി പത്ത്‌ ദിവസം പിന്നിട്ടിട്ടും നിഷേധിക്കാനോ നിയമനടപടിയെടുക്കാനോ തയ്യാറാകാത്തതിൽ കോൺഗ്രസിൽ അമർഷം. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലാണ്‌ ഷാഫി ഉൾപ്പെടെയുള്ള കോൺഗ്രസുകാർക്കും കൊടകര കുഴൽപ്പണ സംഘം പണംനൽകിയെന്ന്‌ വെളിപ്പെടുത്തിയത്‌. ഇതോടെ കോൺഗ്രസ്‌ പ്രതിരോധത്തിലായെന്ന്‌ കാണിച്ച്‌ ജില്ലയിലെ ഐ ഗ്രൂപ്പിന്റെ ചില മുതിർന്ന നേതാക്കൾ എഐസിസിക്ക്‌ കത്തയച്ചു. ഒരു ദേശീയ പാർടിയുടെ സംസ്ഥാന പ്രസിഡന്റ്‌ വാർത്താസമ്മേളനത്തിൽ പേരെടുത്ത്‌ പറഞ്ഞ്‌ ആരോപണം ഉന്നയിച്ചിട്ടും നിഷേധിച്ച്‌   പ്രസ്‌താവന നടത്താൻപോലും ഷാഫി തയ്യാറാകാത്തത്‌ കോൺഗ്രസിന്റെ മുഖം വികൃതമാക്കിയെന്ന്‌ കത്തിൽ പറഞ്ഞു.

സർക്കാരിനെതിരെ വഴിയേപോകുന്നവർ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽപ്പോലും അതേറ്റെടുത്ത്‌ വാർത്താസമ്മേളനം നടത്തുന്ന പ്രതിപക്ഷനേതാവിന്റെ മൗനവും പങ്കുകച്ചവടം ഉറപ്പിക്കുന്നതാണെന്നും ആരോപണമുണ്ട്‌. ആരോപണങ്ങൾക്ക്‌ ഒന്നിനുപോലും മറുപടി പറയാൻ ഷാഫി തയ്യാറാകുന്നില്ല. പാർടിക്കെതിരാകുന്ന അത്തരം പരാമർശങ്ങൾക്കെതിരെ ഡിസിസിയും നിഷേധക്കുറിപ്പ്‌ ഇറക്കുന്നില്ല. ഷാഫി –- കൃഷ്‌ണകുമാർ ബിസിനസ്‌ ഡീലുണ്ടെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ ആരോപിച്ചിരുന്നു. ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെ സമരം നടത്താൻ മുൻ എംഎൽഎ തയ്യാറായിട്ടില്ലെന്നതും ഡീലിന്റെ ആഴം വ്യക്തമാക്കുന്നു. ഷാഫിക്ക്‌ പണം നൽകിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ആവർത്തിച്ചിട്ടും ഷാഫി നിഷേധിച്ചില്ലെന്ന്‌- കത്തിൽ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top