20 September Friday

തെറ്റുകളേക്കാൾ വലിയ ശരിയാണ്‌ ഞങ്ങൾ ; യൂണിവേഴ്‌സിറ്റി കോളേജിൽ മഹാപ്രതിരോധത്തിന്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019


‘നമുക്ക്‌ പഠിക്കാം, പറയാം, പാടാം, പോരാടാം. ഈ യൂണിവേഴ്‌സിറ്റി കോളേജ്‌ നമ്മുടെ ജീവനാണ്‌; ജീവിതമാണ്‌. യൂണിവേഴ്‌സിറ്റി കോളേജിനെയും പ്രസ്ഥാനത്തെയും സംരക്ഷിക്കാൻ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാപ്രതിരോധത്തിൽ അണിനിരന്നത്‌  ആയിരങ്ങൾ. നൂറുകണക്കിന്‌ വിദ്യാർഥികൾ,  പ്രശസ്‌തരായ അനേകം പൂർവവിദ്യാർഥികൾ, മുൻ അധ്യാപകർ, പൗരപ്രമുഖർ... അവർ കോളേജിന്‌ മുന്നിൽ ശുഭ്രപതാകകളുമായി ആടിയും പാടിയും നൃത്തം ചെയ്‌തും ചിത്രം വരച്ചും പുത്തൻ സമരാധ്യായത്തിനാണ്‌ തുടക്കംകുറിച്ചു.

പൂർവ വിദ്യാർഥിയും ചലച്ചിത്രകാരനുമായ ഷാജി എൻ കരുൺ  ഉദ്‌ഘാടനംചെയ്‌തു. കോളേജിനെ തകർക്കാൻ ഇന്നലെകളിൽ നടന്ന ഭരണകൂടഭീകരതകളുടെയും വിദ്യാർഥിവേട്ടയുടെയും ഓർമപ്പെടുത്തലായി ചിത്രപ്രദർശനം, ചിത്രരചന, സംഗീതവിരുന്ന്‌ ഉൾപ്പെടെയുള്ള കലാവിരുന്ന്‌ എന്നിവയുമുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ കൺവീനർ എ ആർ റിയാസ്‌ അധ്യക്ഷനായി. ഗ്രാന്റ്‌ മാസ്‌റ്റർ ജി എസ്‌ പ്രദീപ്‌, കവി ഗിരീഷ്‌ പുലിയൂർ, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. ജി ഗോപാലകൃഷ്‌ണൻ, പ്രൊഫ. വി മാധവൻപിള്ള, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ , ജില്ലാ പ്രസിഡന്റ്‌  ജെ ജെ   അഭിജിത് , സെക്രട്ടറി റിയാസ്‌ വഹാബ്‌ , സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവൻകുട്ടി, എം വിജയകുമാർ, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്‌ പി ദീപക്‌, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി  വിനോദ്‌ വൈശാഖി തുടങ്ങി പ്രമുഖർ അഭിവാദ്യം അർപ്പിച്ചു. കോളേജ്‌ സംരക്ഷണ പ്രമേയവും പാസാക്കി. യൂണിയൻ മുൻ ചെയർമാനും ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനുമായ  എ എ റഷീദ്‌ സ്വാഗതവും എസ്‌എഫ്‌ഐ യൂണിറ്റ്‌ ജോയിന്റ്‌ കൺവീനർ സി വീണ നന്ദിയും പറഞ്ഞു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top