23 May Thursday

പുതിയ പോർമുഖം, പുതിയ പ്രതീക്ഷകൾ... വിദ്യാർഥി മുന്നേറ്റത്തിന്റെ കാഹളമുയർത്തി എസ്‌എഫ്‌ഐ സമ്മേളനത്തിന്‌ സമാപനം

ജയൻ ഇടയ്ക്കാട്Updated: Sunday Jun 24, 2018

സ: അജയ പ്രസാദ്‌ നഗർ (കൊല്ലം) > കാലത്തോട് കലഹിച്ചും കാലാതീതമായ കർമപഥങ്ങളിലൂടെ കുതിച്ചും മുന്നേറുന്ന  വിദ്യാർഥിപ്രസ്ഥാനത്തിന്   ഇനി പുതിയ പോർമുഖങ്ങളും പുതിയ പ്രതീക്ഷകളും. വർഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും കലാലയങ്ങളിലെ അരാജകത്വപ്രവണതകൾക്കുമെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിനുള്ള ആശയാടിത്തറ സജ്ജം. ശ്രീകുമാറിന്റെയും അജയപ്രസാദിന്റെയും ജോബി ആൻഡ്രൂസിന്റെയും ഹൃദയരക്തം വീണ മണ്ണിൽ പോരാട്ടങ്ങളുടെ പ്രതിജ്ഞ പുതുക്കി എസ്എഫ്ഐയുടെ 33ാം സംസ്ഥാനസമ്മേളനം സമാപിച്ചു. 21 വർഷത്തിനു ശേഷമാണ് കൊല്ലം സംസ്ഥാനസമ്മേളനത്തിന് വേദിയായത്. 1997 ഫെബ്രുവരി നാലിനും അഞ്ചിനും നടന്ന കൊല്ലം സംസ്ഥാനസമ്മേളനം വർഗീയതയെ ചെറുക്കാൻ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതേ പ്രമേയം ഇപ്പോഴും   പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് ഇന്ന് സമാപിച്ച സമ്മേളനം. സംഘപരിവാർ അജൻഡ വിദ്യാഭ്യാസരംഗത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുന്നു. എഴുത്തുകാരും സാഹിത്യനായകരും സ്ത്രീകളും  വിദ്യാർഥികളും ഇത്രയധികം പീഡിപ്പിക്കപ്പെട്ട കാലം മുമ്പ് ഉണ്ടായിട്ടില്ല.

നിലയ്ക്കാത്ത പോരാട്ടങ്ങൾക്ക് ഊർജപ്രവാഹമായ രക്തസാക്ഷിസ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ 20ന് വൈകിട്ട് എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാലാണ് 33ാമത് സമ്മേളനത്തിന് കൊടിയുയർത്തിയത്.  21നു രാവിലെ ശുഭ്രപതാകയുടെ സംഘശക്തി കൂടുതൽ പ്രകടമാക്കി കൊല്ലത്ത് കാൽലക്ഷത്തിലധികം വിദ്യാർഥികളുടെ റാലി നടന്നു. തിമിർത്ത് പെയ്ത മഴയെയും  തോൽപ്പിച്ച് തിരമാലയായി ആഞ്ഞടിച്ച   വിദ്യാർഥി റാലി പ്രാചീനചരിത്രനഗരി കണ്ട ഏറ്റവും വലിയ പുതുതലമുറയുടെ  മുന്നേറ്റമായി മാറി. തുടർന്ന് ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.

22നു നടന്ന പ്രതിനിധിസമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്തു. വൈകിട്ട് രക്തസാക്ഷികുടുംബ സംഗമം നടന്നു. സമത്വസുന്ദരലോകത്തിനായുള്ള പോരാട്ടത്തിനിടെ ജീവൻ പൊലിഞ്ഞ  ഉറ്റവരുടെ ഓർമകൾ പങ്കുവച്ച കുടുംബ സംഗമം ആവേശജ്വാലയായി പ്രതിനിധികൾ ഏറ്റുവാങ്ങി. 23നു നടന്ന പൂർവകാല നേതൃസംഗമത്തിൽ മുൻഗാമികൾ പങ്കുവച്ച സമരാനുഭവം നാളെയുടെ പുതുനാമ്പുകൾക്ക് പ്രചോദനമായി.

സർഗപ്രതിഭകളും  പോർമുഖങ്ങളിൽ ജ്വാലയായവരും ക്യാമ്പസുകളിലെ മിന്നും  താരങ്ങളും   സമ്മേളനപ്രതിനിധികളായെത്തി.  രക്തസാക്ഷികുടുംബങ്ങളിൽനിന്നുള്ള   പ്രതിനിധികളുടെ സാന്നിധ്യം പ്രതിനിധികളെയാകെ ആവേശഭരിതരാക്കി.  576 പ്രതിനിധികളിൽ  ഒരു ട്രാൻസ്ജെൻഡറും ഉണ്ട്.

സമ്മേളനത്തിന്റെ പ്രചാരണാർഥം നിരവധി അനുബന്ധപരിപാടികൾ എസ്എഫ്ഐ സംഘടിപ്പിച്ചിരുന്നു. മൂന്ന് വിദ്യാർഥികൾക്ക്   ഭവന നിർമാണത്തിന് തുടക്കമിട്ടതിലൂടെ  അവകാശസംരക്ഷണത്തിനൊപ്പം അവരുടെ അടിസ്ഥാന ആവശ്യങ്ങൾകൂടി ഏറ്റെടുത്ത് വിദ്യാർഥിരാഷ്ട്രീയത്തിന് പുതിയ മാനം തീർക്കുകയാണ് എസ്എഫ്ഐ . 150 വിദ്യാർഥിസംഗമങ്ങൾ, കലാകായികമത്സരങ്ങൾ, ബിഗ് ഡിബേറ്റ് എന്നിവ നടന്നു.

പ്രഭാത് പട്നായിക് പങ്കെടുത്ത് വിദ്യാഭ്യാസവും ഭരണകൂടവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സ്വത്വം, വർഗം, മതം എന്ന സെമിനാർ സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മീഡിയ ട്രൂത്ത് പോസ്റ്റ് ട്രൂത്ത് എന്ന വിഷയത്തിൽ  മാധ്യമചർച്ച,   ജെൻഡർ ന്യൂട്രൽ അസംബ്ലി, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥി പോരാളികളുടെ സംഗമം , മാർക്സ് @ 200 എന്ന വിഷയത്തിൽ പ്രഭാഷണം, മുൻ എസ് എഫ്ഐ പ്രവർത്തകരുടെ സംഗമം, വിദ്യാഭ്യാസരംഗം  വെല്ലുവിളികളും പ്രതിരോധങ്ങളും എന്ന വിഷയത്തിൽ സെമിനാർ , സാംസ്‌കാരികസംഗമം എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റി. ലോകകപ്പ് ഫുട്‌േബാൾ മത്സരവുമായി ബന്ധപ്പെട്ട് പതിനഞ്ചടി ഉയരമുള്ള ഫുട്ബാൾ മാതൃകയുമായി വിദ്യാർഥികൾ നഗരത്തിൽ തെരുവോട്ടം നടത്തി. സൗഹൃദഫുട്ബാൾ മത്സരത്തിൽ എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളുടെ ടീമും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളുടെ ടീമും ഏറ്റുമുട്ടി. 1500 വിദ്യാർഥി സ്‌ക്വാഡുകൾ സമ്മേളനത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ വീടുകളിൽ  സന്ദർശനം നടത്തി.

അഞ്ചു ദിവസം നീണ്ട സമ്മേളനം നൽകിയ തെളിമയാർന്ന ലക്ഷ്യബോധത്തോടെ   പോരാട്ടത്തിന്റെ കനൽവഴിയിലേക്ക് പുതിയ പതാകവാഹകർ  ഇനി ഇറങ്ങും.  തൂവെള്ളക്കൊടി ആകാശം മുട്ടെ ഉയർത്തി , ദിഗന്തങ്ങളെ നടുക്കി വിപ്ലവത്തിന്റെ  പുതു നക്ഷത്രങ്ങൾ വിളിക്കും.. എസ്എഫ്ഐ സിന്ദാബാദ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top