19 September Thursday

നേഴ്സിങ് വിദ്യാർഥിനിക്ക്‌ വിദ്യാഭ്യാസ വായ്പ നിക്ഷേധം: എസ്എഫ്‌ഐ ബാങ്ക് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

വരാപ്പുഴ> നേഴ്സിങ് വിദ്യാർഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചു. വരാപ്പുഴ ഫെഡറൽ ബാങ്കിന്റെ പുത്തൻപിള്ളി ശാഖയാണ് എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചത്. ചിറയ്ക്കകം തേങ്ങാപുരക്കൽ ഷിബുവിന്റെ മകൾ ടി എസ് സോനയ്ക്ക് ബിഎസ്‌സി രണ്ടാം വർഷ ഫീസ് അടക്കുന്നതിനായി നാലുലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്.

എന്നാൽ വിദ്യാഭ്യാസ ലോൺ എടുക്കുന്നവർ തിരിച്ചടക്കാറില്ലന്ന് പറഞ്ഞ് ലോൺ തരാൻ കഴിയില്ലെന്ന് ബാങ്ക് മാനേജർ അറിയിച്ചു. പഠിക്കുവാൻ കഴിവുണ്ടെങ്കിലും ഫീസ് അടയ്ക്കാൻ കഴിയാതെ പഠനം മുടങ്ങുമെന്ന അവസ്ഥയിലാണ് സോനയിപ്പോൾ.



വായ്പ നിക്ഷേധിച്ച ബാങ്കിനെതിരെ എസ്എഫ്‌ഐ ആലങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 27നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ലോൺ അനുവദിക്കാതായതോടെ എസ്എഫ്‌ഐ ബാങ്ക് ഉപരോധിച്ചു. വരാപ്പുഴ ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ബാങ്കിന് മുമ്പിൽ വരാപ്പുഴ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്ന് നടത്തിയ ഉപരോധ സമരം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അമൽ ജോസ് ഉദ്‌ഘാടനം ചെയ്തു.

എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് കെ ആർ ഹേമന്ദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം എസ് അരുൺജി സ്വാഗതവും സിപിഐ എം ആലങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ വി പി ഡെന്നി, കെ ജി വേണു, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ലിജി ജോർജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി ബി നിജീഷ്, പ്രസിഡന്റ് ടി എസ് ശ്യാം ലാൽ എന്നിവർ സംസാരിച്ചു.

എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ ജെഫിൻ റാഫി, അഖിൽ ആനന്ദ്, ശ്യാം രത്നാകാരൻ, അംജിത്ത് സി എം, അപർണ അശോകൻ, വിഷ്ണുപ്രിയ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ബാങ്ക് ഉപരോധിച്ച പ്രവർത്തകരെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നത്തിൽ അടിയന്തിര പരിഹാരം കാണാത്തപക്ഷം അനിശ്‌ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top