28 February Sunday

മുദ്രാവാക്യങ്ങളുമായി സമരമരത്തിന്‌ കീഴെ

അമൽ ഷൈജുUpdated: Wednesday Feb 24, 2021

എസ്എഫ്ഐ ആറാം സംസ്ഥാന സമ്മേളനത്തിന്റെ വാർത്തയുമായി പുറത്തിറങ്ങിയ 1978ലെ ദേശാഭിമാനി പത്രം നോക്കുന്ന ചീഫ് എഡിറ്റർ പി രാജീവ്. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സമീപം


കൊച്ചി
മഹാരാജാസിലെ സമരമരത്തിന്‌ കീഴിൽ അവർ ആ പഴയ വിദ്യാർഥികളായി. മുഷ്ടികൾ ഉയർത്തി മുദ്രാവാക്യങ്ങൾ വിളിച്ച്‌ മഹാരാജാസിന്റെ ഇടനാഴികളിലേക്കും നടുമുറ്റത്തേക്കും കൊടികളേന്തി നടന്നത് ഓർത്തെടുത്തു. കഴിഞ്ഞകാലത്തിന്റെ ഓർമകളും നാളെയുടെ പ്രതീക്ഷകളുമായി സമരമരത്തിന്‌ കീഴിൽ ധീര രക്തസാക്ഷികൾക്ക്‌ ആദരമർപ്പിച്ചു. പഴയകാല സമരപോരാട്ടങ്ങളുടെ പൊള്ളുന്ന ഓർമകളുമായി വർഷങ്ങൾക്കുശേഷം എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി പി ആർ രഘു മുദ്രാവാക്യം വിളിച്ചു. മുൻകാല സമരനേതൃത്വം മുദ്രാവാക്യം ഏറ്റുവിളിച്ചു.

മഹാരാജാസിലെ മുൻ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന എൻ പി പത്രോസിന്റെ ഓർമകൾക്കുമുമ്പിൽ ആദരമർപ്പിച്ചാണ്‌ പ്രവർത്തകസംഗമം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലമടക്കം വിദ്യാർഥി പ്രസ്ഥാനത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ സമരപോരാട്ടങ്ങളുടെ അനുഭവം പങ്കുവയ്ക്കലും ഓർത്തെടുക്കലുമായി പ്രവർത്തകസംഗമം മാറി. എസ്‌എഫ്‌ഐയുടെ 50 വർഷത്തെ സമരചരിത്രം ഓർമിപ്പിക്കുന്ന ചിത്രപ്രദർശനവും ക്യാമ്പസിൽ നടന്നു. 1978 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച എസ്‌എഫ്‌ഐ ആറാം സംസ്ഥാന സമ്മേളന വാർത്തയുടെ ദേശാഭിമാനി പത്രവുമായാണ്‌ മുൻ ജില്ലാ സെക്രട്ടറി പി ആർ രഘു സംഗമ വേദിയിലെത്തിയത്‌. വർഷങ്ങളായി കാത്തുസൂക്ഷിച്ച പത്രവാർത്തയോടൊപ്പം അക്കാലങ്ങളിലെ സംഘടനാ പ്രവർത്തനത്തിന്റെ ഓർമകൾ പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.

സൈമൺ ബ്രിട്ടോയുടെയടക്കം ഓർമകൾ സംഗമവേദി‌ക്ക്‌ തിളക്കമേകി. ഓർമകൾ പങ്കുവച്ചവരുടെ വാക്കുകളിലൂടെ  സൈമൺ ബ്രിട്ടോയുടെ ജ്വലി‌ക്കുന്ന സ്‌മരണയും സംഗമത്തിൽ നിറഞ്ഞുനിന്നു. വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ ആക്രമണങ്ങളും പൊലീസ്‌ മർദനങ്ങളും അവകാശ സമരങ്ങളുമെല്ലാം സംഗമവേദിയിലെ അടയാളപ്പെടുത്തലുകളായി. വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന്‌ മാറ്റുകൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top