22 September Tuesday

എൽഎൽബി സീറ്റുകൾ വെട്ടിക്കുറച്ച ബാർ കൗൺസിൽ നടപടി പ്രതിഷേധാർഹം; അധിക ബാച്ചുകൾ അനുവദിക്കുക: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

തിരുവനന്തപുരം > എൽഎൽബി സീറ്റുകൾ വെട്ടിക്കുറച്ച ബാർ കൗൺസിൽ നടപടി പ്രതിഷേധാർഹമെന്ന്‌ എസ്‌എഫ്‌ഐ. രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന വിദ്യാഭ്യാസമേഖലയിലെ കച്ചവട വൽക്കരണത്തിൻറെ  പാതയിലേക്ക് നിയമ വിദ്യാഭ്യാസത്തെയും തള്ളി വിട്ടിരിക്കുകയാണെന്ന്‌ എസ്‌എഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.

16/6/2020ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ത്രിവത്സര/ പഞ്ചവത്സര എൽഎൽബി കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം 60 ആയി വെട്ടി ചുരുക്കിയിരിക്കുന്നു. ത്രിവത്സര എൽ എൽ ബി സീറ്റുകൾ നൂറിൽ നിന്നും അറുപതിലേക്കും പഞ്ചവത്സര കോഴ്സിന് എൺപതിൽ നിന്ന് അറുപതിലേക്കും സീറ്റുകൾ പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളേജുകളിൽ ത്രിവത്സര/ പഞ്ചവത്സര എൽഎൽബി കോഴ്സിന് പരമാവധി ചേരാൻ സാധിക്കുന്ന വിദ്യാർഥികളുടെ എണ്ണം 480 കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

അവസാന വർഷം വരെ ത്രിവത്സര എൽഎൽബി കോഴ്സിന് മാത്രം 400 പേരും പഞ്ചവത്സര എൽഎൽബി കോഴ്സിന് 320 പേരും ഉൾപ്പെടെ 720 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാനുള്ള അവസരമുണ്ടായിരുന്നു.  എന്നാൽ ഈ നടപടിയിലൂടെ മൂന്നിൽ ഒന്ന് സീറ്റുകൾ നഷ്ടമാകും.

പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കി വരുന്ന വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ ഗവൺമെൻറ് ലോ കോളേജുകളിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്ന അവസരം ഇനി മുതൽ ഉണ്ടാവില്ല.

എന്നാൽ സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിലൂടെ സ്വാശ്രയ മേഖലയെ പ്രത്യക്ഷമായി സഹായിക്കുകയാണ് ബാർ കൗൺസിൽ ചെയ്തിരിക്കുന്നത്. സർക്കാർ ലോ കോളേജുകളിൽ അഡ്മിഷൻ നേടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഭീമമായ ഫീസ് നൽകി സ്വകാര്യ ലോ കോളേജുകളിൽ  ചേർന്ന് പഠിക്കാൻ നിർബന്ധിതരാകും.

ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ നിയമവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ ശക്തമായ സർക്കാർ ഇടപെടലുകൾ വേണ്ടതുണ്ട്. ഈ വർഷം സംസ്ഥാനത്തെ 4 ഗവർമെൻ്റ് ലോ കോളേജുകളിലും ഓരോ ബാച്ച് വീതം അധികമായി പഞ്ചവത്സര/ത്രിവത്സര എൽഎൽബി കോഴ്സുകൾക്ക് അനുവദിക്കുന്ന നിലയുണ്ടായാൽ 480 വിദ്യാർത്ഥികൾക്ക് അധികമായി അഡ്മിഷൻ നേടാൻ കഴിയും, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 240 വിദ്യാർത്ഥികൾക്ക് സർക്കാർ ലോ കോളേജുകളിൽ കൂടുതലായി അഡ്മിഷൻ നേടാൻ അവസരമുണ്ടാക്കും.

മെറിറ്റിലൂടെ നിയമവിദ്യാഭ്യാസമാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സാധ്യതകളെയും അവസരങ്ങളെയും ഇല്ലാതാക്കുന്ന ഈ തീരുമാനം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പുനപരിശോധിക്കേണ്ടതുണ്ട്. ഈ പ്രശ്നം മറികടക്കുന്നതിനായി ഗവർമെൻറ് ലോ കോളേജുകളിൽ അധിക ബാച്ചുകൾ അനുവദിച്ച് സീറ്റുകൾ കുറയാതിരിക്കുന്നതിനുള്ള നടപടി കേരള സർക്കാർ സ്വീകരിക്കണമെന്നും സീറ്റുകൾ കുറയുന്ന സ്ഥിതിയുണ്ടായാൽ നിയമവിദ്യാഭ്യാസ മേഖലയെ അത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയ്ക്കും, ഉന്നത വിദ്യാഭ്യാസ, നിയമവകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസതാവനയിലൂടെ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top