24 October Thursday

ജനന തീയ്യതിയും പോസ്റ്റിന്റെ പേരും തെറ്റ്; യൂണി. കോളേജില്‍ കെഎസ് യു പത്രികകള്‍ തളളിയതിന്റെ കാരണം വിശദീകരിച്ച് റിട്ടേണിംഗ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

തിരുവനന്തപുരം> യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യു നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയത് ജനന തീയ്യതി മുതല്‍ മത്സരിക്കുന്ന പോസ്റ്റിന്റെ പേര് വരെ തെറ്റിച്ചതിന്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഇതര സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളി എന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

തങ്ങളുടെ പത്രികകള്‍ ഏകപക്ഷീയമായാണ് തള്ളിയതെന്ന് കെഎസ്യു ഭാരവാഹികള്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആരോപിച്ചിരുന്നു. 'യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ വീണ്ടും എസ്എഫ്ഐ പിടിയില്‍' എന്ന തലക്കെട്ടില്‍ മനോരമയും എസ്എഫ്ഐ ഇതര പത്രികകള്‍ തള്ളി എന്ന് മാതൃഭൂമിയും വ്യാഴാഴ്ച വാര്‍ത്തയും നല്‍കി.

 എസ്എഫ്ഐയുടെ എല്ലാ പത്രികയും സ്വീകരിച്ചെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍,  എസ്എഫ്ഐ, കെഎസ്യു,  എഐഎസ്എഫ്, ഫ്രട്ടേണിറ്റി സ്ഥാനാര്‍ഥികളുടെ 13 പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളുകയുണ്ടായത്. എസ്എഫ്ഐയുടെ രണ്ട് പത്രികകള്‍ തള്ളിയ കാര്യം മാധ്യമങ്ങള്‍  മറച്ചുവച്ചു.

മത്സരിക്കുന്ന പോസ്റ്റിന് മുന്നില്‍ ദ (The) എന്ന് ചേര്‍ത്തില്ലെന്ന കാരണത്താലാണ് തങ്ങളുടെ പത്രിക തള്ളിയതെന്നാണ് കെഎസ്യു വിശദീകരണം. എന്നാല്‍ കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് പിന്തുണയ്ക്കുന്ന ആളുടെ പേരും ജനനതീയ്യതിയും ഇല്ലാത്തതിനാലും പോസ്റ്റിന്റെ പേര് കൃത്യമായി എഴുതാത്തതിനുമാണെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. 

അനുബന്ധ രേഖകളില്ല, ഒപ്പില്ല, ട്യൂട്ടറുടെ ഒപ്പില്ല, ജനന തീയ്യതി തെറ്റായി എഴുതി, വകുപ്പ് മേധാവിയുടെ ശുപാര്‍ശയില്ല തുടങ്ങിയ കാരണങ്ങളാലും പത്രികകള്‍ തള്ളിയിട്ടുണ്ട്. ജനന വര്‍ഷം 2019 എന്നെഴുതിയ പത്രികയും തള്ളിയവയില്‍പ്പെടും. സര്‍വകലാശാല നോട്ടിഫിക്കേഷനില്‍ പോസ്റ്റിന്റെ പേര് എങ്ങനെയാണോ അതുപോലെ പത്രികയിലും നല്‍കണമെന്നാണ് നിയമം.

അത് പാലിക്കാത്ത അപേക്ഷകളും തള്ളിയിട്ടുണ്ട്. കോളേജിന്റെ ഓഫീസ് സീല്‍ പതിച്ചില്ല, ജനന തീയതിയില്‍ കോളേജ് രജിസ്റ്ററിലും ആധാര്‍ കാര്‍ഡിലും ഒരു മാസത്തെ വ്യത്യാസമുണ്ട് എന്നീ കാരണങ്ങള്‍ പറഞ്ഞാണ് എസ്എഫ്ഐ പത്രികകള്‍ തള്ളിയത്. പത്രിക തള്ളിയത് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 
 


പ്രധാന വാർത്തകൾ
 Top