22 February Friday

ഇന്നലെകൾ ഇരമ്പി, നാളേക്ക‌് വെളിച്ചമായ‌ി

പി ആർ ദീപ‌്തിUpdated: Sunday Jun 24, 2018
സ: അജയ പ്രസാദ്‌ നഗർ (കൊല്ലം) > കേരളത്തിന്റെ തെരുവോരങ്ങളിൽ ചോരവിരിഞ്ഞൊരു പാതകളിൽ ഞങ്ങൾക്കായി മരിച്ചവരെ, ഞങ്ങളെയാകെ നയിച്ചവരെ, നിങ്ങൾ നയിച്ചൊരു പോരാട്ടം നിങ്ങളുയർത്തിയ തീനാളങ്ങൾ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളെ വരവേറ്റുകൊണ്ട‌്   ശനിയാഴ‌്ച മുഴങ്ങിക്കേട്ട മുദ്രാവാക്യം   സ. അജയപ്രസാദ‌് നഗറിലെ  സമ്മേളന വേദിയെ അക്ഷരാർഥത്തിൽ സമരകേന്ദ്രമാക്കി. ‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യത്തെ  നെഞ്ചോടു ചേർക്കാൻ വിദ്യാർഥി സമൂഹത്തെ പ്രാപ‌്തമാക്കിയവർ, പോരാട്ടവീഥിയിൽ ആദ്യ പഥികർ വെട്ടിത്തെളിച്ച  വഴിത്താരകൾ പിന്നിട്ട‌് ചരിത്രത്തിന‌ു പുതിയ പാഠങ്ങൾ നെയ‌്തുനൽകിയവർ, അവകാശ പോരാട്ടങ്ങളുടെ അഗ‌്നിയിൽ സ‌്ഫുടംചെയ‌്ത‌് ഉയർന്ന താരകങ്ങൾ  സംഗമിച്ചപ്പോൾ ദേശിങ്ങനാടിന്റെ  ഹൃദയഭൂമി സ‌്മരണകളുടെ തേരിലേറി. 

എസ‌്എഫ‌്ഐ 33﹣ാം സംസ്ഥാനസമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച  പൂർവകാല നേതാക്കളുടെ സംഗമം  ഇന്നലെകളുടെ പോരാട്ടങ്ങളുടെ  സ‌്മരണകൾ ഇരമ്പിയ വേദിയായി. ജയിംസ‌് മാത്യു എംഎൽഎ, എ പ്രദീപ‌്കുമാർ എംഎൽഎ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം  കെ എൻ ബാലഗോപാൽ, ടി വി രാജേഷ‌് എംഎൽഎ, യുവജന ക്ഷേമബോർഡ‌്ചെയർമാൻ  പി ബിജു,  കണ്ണൂർ ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്, ടി പി ബിനീഷ‌്, ഷിജുഖാൻ  എന്നിവരാണ‌് പോരാട്ട അനുഭവങ്ങൾ പകർന്നുനൽകാൻ സമ്മേളന വേദിയിൽ എത്തിയത‌്. 
 
27 വർഷം മുമ്പ‌് വിദ്യാർഥി സംഘടനാ പ്രസ്ഥാനത്തിൽനിന്ന‌് ഒഴിഞ്ഞതിനുശേഷം ആദ്യമായാണ‌് എസ‌്എഫ‌്ഐ സമ്മേളനവേദിയിൽഎത്തിയതെന്ന‌ു പറഞ്ഞ‌് സംഘാടകർക്ക‌്  അഭിനന്ദനം അർപ്പിച്ചാണ‌് ജയിംസ‌് മാത്യു എംഎൽഎ  സ‌്മരണകൾ പങ്കുവച്ചത‌്.  വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി വളർന്നാൽ ജീവിതം സാർഥകമാകുമെന്ന കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്ന അദ്ദേഹത്തിന്റെ ഓർമപ്പെടുത്തലിനെ നിറകൈയോടെയാണ‌് പുതുമുകുളങ്ങൾ  സ്വീകരിച്ചത‌്. കാലം എത്ര മാറിയാലും ത്യാഗവും സന്നദ്ധതയും എക്കാലത്തും എസ‌്എഫഐക്ക‌് ഒരുപോലെയാണ‌്. 
ഏത‌് പ്രശ‌്നങ്ങൾക്ക‌് മുന്നിലും ശക്തമായ നിലപാട‌് സ്വീകരിക്കാനും ഏത‌ു വെല്ലുവിളികളെയും നേരിടാനുമുള്ള എസ‌്എഫ‌്ഐയുടെ തന്റേടവും കഴിവും എന്നും ഉയർത്തിപ്പിടിക്കണമെന്ന ആഹ്വാനവും നൽകി അദ്ദേഹം .  ഏത‌് പ്രവർത്തനത്തിലും സർഗാത്മകതയുടെ അംശം പകരാൻ പ്രാപ‌്തമാക്കിയത‌് ഈ പ്രസ്ഥാനമാണെന്ന‌് എ പ്രദീപ‌്കുമാർ എംഎൽഎ പറഞ്ഞു. എസ‌്എഫ‌്ഐ സമരങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളുടെ നീണ്ട പട്ടികയും അദ്ദേഹം വരച്ചിട്ടു. 
 
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മുൻകാലങ്ങളിൽ ഈ പ്രസ്ഥാനം നടത്തിയ  പോരാട്ടത്തിന്റെ തുടർച്ചയാണ‌് ഇന്ന‌് വിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന‌് തുടക്കം കുറിക്കാൻ ഇടയാക്കിയത‌്.  കലാലയ യൂണിയൻ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും  അദ്ദേഹം പറഞ്ഞു. 
 
144 പ്രഖ്യാപിച്ചിട്ടും കൂത്തുപറമ്പ‌് പൊലീസ‌് സ്റ്റേഷൻ വളപ്പിൽ  കണ്ണൂർ ജില്ലാസമ്മേളനം നടത്തിയ എസ‌്എഫ‌്ഐയുടെ പോരാട്ടവീര്യം  കെ എൻ ബാലഗോപാൽ വരച്ചിട്ടപ്പോൾ വിദ്യാർഥി സമൂഹം ഒന്നടങ്കം ആവേശത്താൽ ഇളകിമറിഞ്ഞു. 
 
കുത്തുപറമ്പ‌്  വെടിവയ‌്പ‌് സംഭവത്തിന‌ു ശേഷം സെക്രട്ടറിയറ്റിനു മുന്നിൽ പൊലീസിന്റെ ഉത്തരവ‌് ലംഘിച്ച‌്  നടത്തിയ ഉശിരൻ പ്രകടനം  ഉൾപ്പെടെയുള്ള ഉജ്വല സമര പോരാട്ടങ്ങളെക്കുറിച്ച‌് വിവരിച്ച അദ്ദേഹം ഈ പ്രസ്ഥാനവുമായുള്ള പൊക്കിൾക്കൊടി ബന്ധം ഭാരവാഹിത്വത്തിൽനിന്ന‌്  ഒഴിഞ്ഞാലും തീരുന്നതല്ലെന്നു  പറഞ്ഞ‌് അവസാനിപ്പിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കരഘോഷം.  എൻട്രൻസ‌് കൗൺസലിങ‌് സമരം, കൂത്തുപ്പറമ്പ‌് സമരം, പൊലീസ‌് സ്റ്റേഷന‌ു മുന്നിൽ നടത്തിയ കണ്ണൂർ  ജില്ലാസമ്മേളനം തുടങ്ങി നയിച്ച നിരവധി പോരാട്ടങ്ങളുടെ തീക്ഷ‌്ണാനുഭവം പങ്കുവച്ചാണ‌് ടി വി രാജേഷ‌് എംഎൽഎ. ഒരു തീരുമാനമെടുത്താൽ അത‌്  നടപ്പാക്കാൻ കരുത്തും ശേഷിയുമുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ ചൂടും ചൂരുമാണ‌്  ഹൈക്കോടതി നിരോധിച്ചിട്ടും കലാലയ രാഷ്ട്രീയം ഇന്നും ക്യാമ്പസുകളിൽ ശക്തമായി  തുടരുന്നത്‌ എന്നു പറഞ്ഞപ്പോൾ സദസ്സിൽനിന്ന‌് മുദ്രാവാക്യം വിളി ഉയർന്നു. സംസ്ഥാന പ്രസിഡന്റ‌് ജെയ‌്ക‌് സി തോമസ‌് അധ്യക്ഷനായി,‌ സെക്രട്ടറി എം വിജിൻ സ്വാഗതം പറഞ്ഞു.  നേതാക്കൾക്ക‌്  എം വിജിൻ ഉപഹാരം കൈമാറി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top