തൃശൂർ
ഇഷ്ടമില്ലാത്ത ഭക്ഷണത്തോട് മുഖം തിരിച്ചിരിക്കേണ്ട, ആരോഗ്യരീതിക്കനുസരിച്ച് ആഗ്രഹിക്കുന്ന പോഷകാഹാരങ്ങൾ ക്ലാസ് മുറികൾ തേടിവരും. ഇലവർഗങ്ങൾ ചേർത്തുണ്ടാക്കിയ ദോശ, ഇഡ്ഡലി, റോസ്‌റ്റ്, മല്ലിയിലയും പുതിനയിലയും ചേർത്തരച്ച ചമ്മന്തി, പപ്പായ, കാരറ്റ്, ബീറ്റ്‌റൂട്ട്, കോവയ്‌ക്ക തുടങ്ങിയവയുടെ കറിക്കൂട്ടുമായി സ്വാദിഷ്‌ഠമായ ഊണ്, പാൽ തുടങ്ങി താൽപ്പര്യമുണ്ടാക്കുന്ന വൈവിധ്യ ഭക്ഷണങ്ങളാണ് ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികൾക്കായി ‘രസന’ ഒരുക്കുന്നത്. ഓരോ കുട്ടിയുടെയും ശാരീരികാവസ്ഥ മനസ്സിലാക്കി രസനയുടെ രസക്കൂട്ടുകൾ ചൂടോടെയെത്തിക്കും.
സാമൂഹ്യനീതി വകുപ്പിനു കീഴിലെ ഇരിങ്ങാലക്കുട നിപ്‌മറി(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ)ലാണ് കേരളത്തിലാദ്യമായി, പ്രത്യേക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കായി ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ഭക്ഷണ പരിപാടി നടപ്പാക്കുന്നത്. ശാരീരിക–- ആരോഗ്യ കാരണങ്ങളാൽ മാറ്റി നിർത്തപ്പെടാതെ സമപ്രായക്കാർക്കൊപ്പമിരുന്ന് ഭക്ഷണം ആസ്വദിക്കാൻ കഴിയുന്നതോടെ കുട്ടികളുടെ മനസ്സും നിറയും. നിപ്‌മറിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് വിഭാഗമാണ് അത്യാധുനിക സൗകര്യങ്ങളോടെ 1100 ചതുരശ്ര അടി വിസ്തീർണത്തിലാണ് രസന സ്ഥാപിച്ചിരിക്കുന്നത്. കേരള സാമൂഹിക സുരക്ഷാ മിഷന്റെ 45 ലക്ഷം രൂപ ധനസഹായം പ്രയോജനപ്പെടുത്തി എഫ്എസ്എസ്എഐ ഭക്ഷ്യ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചതെന്ന് നിപ്‌മർ എക്‌സിക്യുട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു. ഓട്ടിസം, സെറിബ്രൽ പാൾസി, ഐഡിഡി സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്കായാണ് രസന ആഹാരമൊരുക്കുക. വിദഗ്‌ധ ഡയറ്റീഷന്റെ പരിശോധനകൾക്കുശേഷം കുട്ടികളുടെ അലർജികൾ, അസഹിഷ്ണുത എന്നിവകൂടി കണക്കിലെടുത്താകും ഭക്ഷണക്രമം നിശ്ചയിക്കുന്നത്.
ആധുനിക അടുക്കളയുടെയും പ്രത്യേക ഭക്ഷണ പരിപാടിയുടെയും ഉദ്ഘാടനം ലോക സെറിബ്രൽ പാൾസിദിനമായ വ്യാഴാഴ്‌ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..