27 September Sunday

വെള്ളാപ്പള്ളി നടേശനെതിരെ സാമ്പത്തികതട്ടിപ്പ്‌ ആരോപണവുമായി സെൻകുമാർ; ചോദ്യംചോദിച്ച മാധ്യമപ്രവർത്തകനോട്‌ തട്ടിക്കയറി

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

തിരുവനന്തപുരം>  വെള്ളാപ്പള്ളി നടേശനെതിരെ സാമ്പത്തികതട്ടിപ്പ്‌ ആരോപണവുമായി  ടി പി സെന്‍കുമാര്‍. സംഘടനയില്‍ നിന്ന് വെള്ളാപ്പള്ളി പണം തട്ടിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യു ഇന്റലിജന്‍സും അന്വേഷിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. നിയമനങ്ങളിലൂടെയും, കുട്ടികളുടെ അഡ്മിഷനിലൂടെയും ലഭിച്ച പണം എവിടെ പോയെന്ന്‌ സെൻകുമാർ ചോദിച്ചു. ഇത്തരത്തില്‍ വാങ്ങിയ 1600 കോടിരൂപ കാണാനില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സെന്‍കുമാര്‍ ആരോപിച്ചു.

മൈക്രോഫിനാന്‍സ് നല്ല രീതിയില്‍ നടക്കുന്നുവെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ ഇതില്‍ കൂടി ലഭിക്കുന്ന പണം വട്ടിപ്പലിശയ്ക്ക് വീണ്ടും കടംകൊടുക്കുകയോ സ്വര്‍ണം വാങ്ങിക്കുകയോ ആണ് ചെയ്യുന്നത്. അതിന് ഒരു പ്രോജക്ട് ഉണ്ടാക്കുകയോ പുനഃരുത്പാദനപരമായ കാര്യങ്ങളിലേക്ക് പോവുകയോ ചെയ്തിട്ടില്ലെന്ന്‌ സെൻകുമാർ ആരോപിച്ചു.

  എസ്എന്‍ഡിപിയിലെ ആയിരത്തിലധികം ശാഖകള്‍ വ്യാജമാണെന്നും സെൻകുമാർ പറഞ്ഞു.  200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് ഓരോ ശാഖയില്‍ നിന്നും വോട്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്.  വെള്ളാപ്പള്ളിക്ക് എതിര്‍പ്പുള്ള യൂണിയനുകളെ പിരിച്ചുവിട്ട് അവിടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരും. എന്നിട്ട് അവിടെ ഇദ്ദേഹത്തിന് താത്പര്യമുള്ളവരുടെ ലിസ്റ്റ് പ്രതിനിധികളുടേതായി ഉണ്ടാക്കുമെന്നും ടി പി സെൻകുമാർ ആരോപിച്ചു.

അതിനിടെ, വാർത്താസമ്മേളനത്തിനിടെ ചോദ്യംചോദിച്ച മാധ്യമപ്രവർത്തകനോട്‌ ടി പി സെൻകുമാർ ക്ഷുഭിതനായി. ചെന്നിത്തലയും സെന്‍കുമാറും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ ചോദിച്ചതാണ് സെന്‍കുമാറിനെ ക്ഷുഭിതനാക്കിയത്. മാധ്യമപ്രവര്‍ത്തകന് നേരെ, നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തകനാണെന്നതിന്‌ തെളിവ്‌ വേണമെന്നും ക്ഷുഭിതനായി സംസാരിച്ച സെന്‍കുമാര്‍, മാധ്യമപ്രവര്‍ത്തകനോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.

ഇതോടെ സെന്‍കുമാറിനും സുഭാഷ് വാസുവിനുമൊപ്പം എത്തിയവര്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയും അത് തര്‍ക്കത്തിലേക്ക് പോവുകയും ചെയ്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top