27 March Monday

പെൻഷൻ 5000 രൂപയാക്കുക: രാജ്‌ഭവന്‌ മുന്നിൽ വയോജനങ്ങളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷന്റെ രാജ്‌ഭവൻ മാർച്ച്‌ കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം> കേന്ദ്ര സർക്കാരിനെതിരെ രാജ്‌ഭവനിലേക്ക്‌ വയോജനങ്ങളുടെ പ്രതിഷേധം. സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ (എസ്‌സിഎഫ്‌ഡബ്ല്യുഎ) സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു മാർച്ച്‌. കേന്ദ്രവയോജന പെൻഷൻ 200 രൂപയിൽനിന്ന്‌ 5000 രൂപയാക്കുക, റെയിൽവേ നിരക്കിളവ്‌ പുനഃസ്ഥാപിക്കുക, വയോജന ദേശീയ ഇൻഷുറൻസ്‌ നടപ്പാക്കുക, വയോജന നാഷണൽ കൗൺസിലിൽ എസ്‌സിഎഫ്‌ഡബ്ല്യുഎ പ്രതിനിധികളെ ഉൾപ്പെടുത്തുക, ഇപിഎഫ്‌ പെൻഷൻ കുറഞ്ഞത് 9000 രൂപയാക്കുക എന്നിവ ഉന്നയിച്ചായിരുന്നുപ്രതിഷേധം.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന സമ്പത്ത് മുഴുവൻ അദാനിക്കും  അംബാനിക്കും തീറെഴുതുകയാണ്‌ അവർ പറഞ്ഞു. സംസ്ഥാനങ്ങളിലെ നികുതി വരുമാനത്തിന്റെ 67 ശതമാനവും കേന്ദ്രം പിടിച്ചെടുക്കുകയാണ്‌.  കോർപറേറ്റുകൾക്ക്‌ അനധികൃതമായി ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രസർക്കാരിന്‌ വയോജനങ്ങളുടെ ആവശ്യങ്ങളോട്‌ നിഷേധാത്മകമായ സമീപനമാണെന്ന്‌ അവർ കുറ്റപ്പെടുത്തി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി എ എൻ നമ്പൂതിരി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ആർ രഘുനാഥൻ നായർ, ടി എൻ വെങ്കിടേശ്വരൻ, ഡി മോഹനൻ, അമരവിള രാമകൃഷ്‌ണൻ, ആർ രാജൻ, പ്രൊഫ. കെ എ സരള, പി പി ബാലൻ, എൻ ചന്ദ്രശേഖര പിള്ള, കെ എ അലി അക്‌ബർ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ വി എൻ എൻ  നമ്പൂതിരി, അമരവിള രാമകൃഷ്‌ണൻ, ആർ രാജൻ, പ്രൊഫ. കെ എ സരള, എൻ ചന്ദ്രശേഖര പിള്ള എന്നിവർ ഗവർണർക്ക്‌ നിവേദനം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top