17 January Sunday

സ്വാശ്രയ മെഡിക്കൽ ഫീസ്‌: കേരളം സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


സ്വന്തം ലേഖകൻ
സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക്‌ ഉയർന്ന ഫീസ്‌ ഈടാക്കാൻ വഴിയൊരുക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു. ഫീസ്‌ നിർണയസമിതി 2020–-2021 വർഷത്തെ ഫീസ്‌ നേരത്തേ നിശ്ചയിച്ചിട്ടുണ്ടെന്ന വസ്‌തുത കണക്കിലെടുക്കാതെയാണ്‌ ഹൈക്കോടതി ഇടക്കാല ഉത്തരവെന്ന്‌ കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി. സമിതി നിശ്ചയിച്ച 7.65 ലക്ഷം രൂപമുതലുള്ള ഫീസ്‌ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ 22 ലക്ഷമായി വർധിച്ചു. സുപ്രീംകോടതിയുടെ  മുൻ ഉത്തരവുകൾ പ്രകാരം കോളേജുകൾക്ക്‌ ഫീസ്‌ നിശ്ചയിക്കാനുള്ള അധികാരമില്ല. എന്നാൽ, ഹൈക്കോടതി  ഉത്തരവിലൂടെ അതിനുള്ള വഴിയൊരുങ്ങി.

2017–-2018, 2018–-2019, 2019–-2020 വർഷങ്ങളിൽ സമിതി നിശ്ചയിച്ച ഫീസ്‌ സംബന്ധിച്ച്‌ കേരള സർക്കാർ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന വസ്‌തുത ഹൈക്കോടതി കണക്കിലെടുത്തില്ല. ഫീസ്‌ നിർണയസമിതിക്ക്‌ മറ്റേതെങ്കിലും  അജൻഡ ഉണ്ടോയെന്ന്‌ പരിശോധിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനും വിദ്യാഭ്യാസ വിദഗ്‌ധർ അംഗങ്ങളുമായ സമിതിക്ക്‌ എതിരായ ഹൈക്കോടതിയുടെ പരാമർശം അനാവശ്യമാണ്‌. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ ഹർജിയിൽ വിധി പുറപ്പെടുവിക്കും‌മുമ്പ്‌ തങ്ങളുടെ വാദങ്ങൾകൂടി കേൾക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാനേജ്‌മെന്റുകൾ തടസ്സഹർജി നൽകി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top