18 September Saturday

മിണ്ടിയാല്‍ മോഡി രാജില്‍ രാജ്യദ്രോഹം: 10 വര്‍ഷത്തിനിടെ 10,898 പേര്‍ക്കെതിരെ കേസ്

റിസര്‍ച്ച് ഡെസ്‌ക്‌Updated: Friday Jul 16, 2021

തിരുവനന്തപുരം > നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് വ്യാപകമായി. 2010 മുതല്‍ 2020വരെയുള്ള 10 വര്‍ഷത്തിനിടെ 798 കേസുകളിലായി 10,898 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതില്‍ ഒമ്പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.  65 ശതമാനം കേസും  മോഡി പ്രധാനമന്ത്രിയായതിന് ശേഷമാണ്. കോണ്‍ഗ്രസ് ഭരണകാലത്തില്‍ നിന്നുള്ള വര്‍ധന 28 ശതമാനമാണ്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 2008ല്‍ യുഎപിഎ നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് രാജ്യദ്രോഹക്കേസുകള്‍ക്ക് വ്യാപകമായി ചുമത്താന്‍ വഴിയൊരുക്കിയത്. രാജ്യദ്രോഹ നിയമം  നിലനില്‍ക്കുമോയെന്ന് സുപ്രീം കോടതി ചോദിച്ച വ്യാഴാഴ്ചയാണ് ഹരിയാന ഡെപ്യൂട്ടി സ്പീക്കറുടെ കാര്‍ തടഞ്ഞ നൂറോളം കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

വിമര്‍ശിച്ചാല്‍ കേസ്

2014ന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാന്‍ നിയമം ദുരുപയോഗം ചെയ്തുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. 405 ഇന്ത്യക്കാര്‍ക്കെതിരെയാണ് സര്‍ക്കാരിനെയോ രാഷ്ട്രീയക്കാരെയൊ വിമര്‍ശിച്ചതിന് കേസെടുത്തത്. ഇതില്‍ 96ശതമാനവും 2014ന് ശേഷം. 149 എണ്ണം മോഡിയെ വിമര്‍ശിച്ചതിനോ 'അവഹേളിച്ചതി'നോ ആണ്. 144കേസ് യോഗി ആദിത്യനാഥിനെ പരാമര്‍ശിച്ചതിനും.

പൗരത്വ ഭേദഗതി നിയമം, ഹഥ്റാസ് ബലാത്സംഗം എന്നിവക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ രാജ്യദ്രോഹം ചുമത്തി. ഹഥ്റാസില്‍ മാധ്യമപ്രവര്‍ത്തകനടക്കം 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി  22 കേസ് രജിസ്റ്റര്‍ ചെയ്തു.

സിഎഎ പ്രതിഷേധത്തില്‍ 25 കേസുകളിലായി 3,700 പേരാണ് പ്രതികള്‍. ജാര്‍ഖണ്ഡിലെ പതല്‍ഗടി പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആദിവാസികള്‍ക്കു നേരെയും ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹം ചുമത്തി. പട്ടിധാര്‍, ജാട്ട് പ്രക്ഷോഭകരും പ്രതികളായി.

ബിഹാറിനെ ഒന്നാമതാക്കിയതും ബിജെപി

രാജ്യത്ത് ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കേസുകളുള്ള സംസ്ഥാനമാക്കിയത് ബിജെപി ഭരണം. ബിഹാറില്‍ ബിശജപി ഭരണത്തില്‍ ഏറുന്നതിന് മുമ്പ് എടുത്ത കേസുകളില്‍ അധികവും മാവോയിസ്റ്റികളും വ്യാജ നോട്ടുമായി ബന്ധപ്പെട്ടവയായിരുന്നു.  168 കേസുകളില്‍ 30 എണ്ണം മാത്രമാണ് 20 മാസം നീണ്ട് നിന്ന മഹാസഖ്യത്തിന്റെ കാലത്ത് ചുമത്തിയത്. എന്നാല്‍ ബിജെപി ഭരണത്തിന്റെ ഭാഗമായതോടെ സ്ഥിതി മാറി. ആള്‍കൂട്ട ആക്രമണത്തിനും അസഹിഷ്ണുതക്കുമെതിരെ സംസാരിച്ച സെലിബ്രേറ്റികള്‍ അടക്കമുള്ളവരും പ്രതികളായി. പൗരത്വ നിയമ നടപ്പാക്കിയതിനെ വിമര്‍ശിച്ചതിന് 20 പേര്‍ക്കെതിരെ കേസെടുത്തു.

'രാജ്യദ്രോഹി'യാക്കാന്‍ ഒരു പൊലീസ് സ്റ്റേഷന്‍

2015 നവംബറില്‍ നടന്‍ ആമീര്‍ഖാനും ഭാര്യയായിരുന്ന കിരണ്‍ റാവുവിനുമെതിരെ മുസാഫര്‍പൂര്‍ സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസ്വസ്ഥത, അസഹിഷ്ണുത തുടങ്ങിയവയ്ക്കെതിരെ സംസാരിച്ചത്തിനായിരുന്നു കേസ്.

ഇതേ പൊലീസ് സ്റ്റേഷനില്‍ 2019 ഒക്ടോബറില്‍ സംവിധായകന്‍ മണി രത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രമചന്ദ്ര ഗുഹ, നേടിമാരായ അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ തുടങ്ങിയവര്‍ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി. വര്‍ധിച്ച് വരുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് നല്‍കിയതിനായിരുന്നു കേസ്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ സര്‍ക്കാരിന് കേസ് പിന്‍വലിക്കേണ്ടി വന്നു.

കൂടുതല്‍ കേസുകള്‍ (2010-20)

ബിഹാര്‍- 168
തമിഴ്നാട്- 139
ഉത്തര്‍പ്രദേശ്- 115
ജാര്‍ഖണ്ഡ്- 62
കര്‍ണാടക- 50

തമിഴ്നാട്ടിലെ കേസുകളില്‍ 80 ശതമാനവും ജയലളിത മുഖ്യമന്ത്രിയായിരിക്കെ കൂടംകുളം പ്രക്ഷോഭത്തിനെതിരെ എടുത്തതാണ്. യുപിയില്‍ 115 കേസുകളില്‍ 77ശതമാനവും ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം. ഇതില്‍ അധികവും 'ദേശീയത'യുമായി ബന്ധപ്പെട്ടവയാണ്. 2017ല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി തോല്‍വി ആഘോഷിച്ചുവെന്നതിന്റെ പേരിലും രാജ്യദ്രോഹകേസില്‍ പ്രതിയായി.

2010- 14

രാജ്യദ്രോഹക്കേസ്- 279
വാര്‍ഷിക ശരാശരി- 62
ആളുകള്‍-3762

2014-20

കേസ്- 519
ശരാശരി- 79.8
ആളുകള്‍-713


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top