29 September Thursday

അഭിപ്രായങ്ങൾക്ക്‌ രാജ്യദ്രോഹക്കുറ്റം: സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ പേരിൽ 102 കേസ്

റിസര്‍ച്ച് ഡെസ്ക്Updated: Saturday Jul 17, 2021

തിരുവനന്തപുരം> സുപ്രീംകോടതിയുടെ വിധി അവഗണിച്ചും സമൂഹമാധ്യമ ഉള്ളടക്കത്തിന്റെ പേരിൽ ആളുകളെ രാജ്യദ്രോഹക്കേസിൽ പ്രതിയാക്കുന്നത്‌ വർധിക്കുന്നു. പത്ത്‌ വർഷത്തിനിടെ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം അടിസ്ഥാനപ്പെടുത്തി രാജ്യത്ത്‌ 102 രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്‌തു. കേസിൽ 85 ശതമാനവും ബിജെപി ഭരണത്തിലുള്ള കർണാടക, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിലാണ്‌. കർണാടകയിൽ 20 കേസിലായി 46  പേരെ പ്രതിയാക്കി. യുപിയിൽ 32 കേസിൽ 39 പ്രതികൾ.

ഇത്തരം കേസുകൾ വ്യാപകമായത്‌ 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷമാണ്‌. കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ കേസുകളേറെയും. രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കിൽ കലാപത്തിന്‌ ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതോ ആവണമെന്ന സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ്‌ ഭൂരിപക്ഷം ഈ കേസുകളും രജിസ്‌റ്റർ ചെയ്‌തത്‌.

രാജ്യസ്‌നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ച്‌ ‘രാജ്യദ്രോഹി’യായി

മുസ്ലിങ്ങളും സാധാരണക്കാരുമാണ്‌ കൂടുതൽ പ്രതിയാക്കപ്പെടുന്നത്‌. സമൂഹമാധ്യമങ്ങൾ സമീപകാലത്ത്‌ ഉപയോഗിക്കാൻ തുടങ്ങിയവർ, ഇംഗ്ലീഷടക്കമുള്ള പ്രാദേശിക ഇതര ഭാഷകൾ അറിയാത്തവർ തുടങ്ങിയവരാണ്‌ പ്രതികളിൽ അധികവും. ഇവരുടെ അറിവില്ലായ്‌മയാണ്‌ വിനയാകുന്നത്‌.
2018ൽ സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ ഭാഗമായി വാട്‌സാപ്പിൽ ഇട്ട സ്റ്റാറ്റസ്‌ വീഡിയോ കർണാടകയിൽ 19കാരന്‌ നൽകിയത്‌ 75 ദിവസത്തെ ജയിൽവാസമാണ്‌. ദേശീയ പതാകയെ ഒരാൾ സല്യൂട്ട് ചെയ്യുന്ന വീഡിയോയാണ്‌ പോസ്റ്റ്‌ ചെയ്‌തത്‌. എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗത്ത്‌ ഇസ്ലാമിക ചിഹ്നമായ ചന്ദ്രകലയുണ്ടായി. ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. ജയിൽ മോചിതനായ ശേഷം 19കാരന്റെ കുടുംബത്തിന്‌ ജീവിക്കാനായി മറ്റൊരു നാട്ടിലേക്ക്‌ പാലായനം ചെയ്യേണ്ടി വന്നു.

സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞാൽ ജയിൽ

ഇന്റർനെറ്റും സോഷ്യൽ മീഡിയയും സുപ്രധാന ആശയവിനിമയ ഉപകരണങ്ങളാണ്‌. വ്യക്തികൾക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കാനും വിവരങ്ങളും ആശയങ്ങളും കൈമാറാനും ഇതാണ്‌ ഉപയോഗിക്കുന്നത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയമാനുസൃതമായ ഭരണഘടനാപരമായ അവകാശം സോഷ്യമീഡിയയിൽ പ്രയോഗിച്ചതിന് നിരവധി പൗരന്മാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ഫെയ്‌സ്ബുക്കിൽ രാഷ്ട്രീയ അഭിപ്രായങ്ങളും കാർട്ടൂണുകളും പങ്കിട്ടതിന്‌  രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്‌.  

കോവിഡിനെ നേരിടാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ അശാസ്‌ത്രീയ അടച്ച്‌പൂട്ടലിനെ വിമർശിച്ച്‌ വീഡിയോ പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകൻ വിനോദ്‌ ദുവെയ്‌ക്കെതിരെ ഹിമാചൽ പൊലീസ്‌ രാജ്യദ്രോഹത്തിന്‌ കേസെടുത്തിരുന്നു. ഈ കേസിൽ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി.  മണിപ്പൂർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഏജന്റാണെന്ന്‌ വിശേഷിപ്പിച്ച്‌ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ടതിന്‌  മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്‌ഖെചയും ഛത്തീസ്‌ഗഢിലെ വ്യാജ ഏറ്റുമുട്ടലിനെതിരെ കാർട്ടൂൺ വരച്ച കനയ്യ ലാൽ ശുക്ലയും രാജ്യദ്രോഹ കേസ്‌ നേരിടുകയാണ്‌. ഇവർ രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത്‌  സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.

സമൂഹമാധ്യമം: പ്രതിചേർത്തവർ

ഫെയ്‌സ്‌ബുക്ക്‌ –- 84
വാട്‌സാപ്പ്‌–- 37
ട്വിറ്റർ–- 32
യൂട്യൂബ്‌ –- 4
മറ്റുള്ളവ–- 5
ആകെ–- 162
* 10 പേർ ഒന്നിൽ കൂടുതൽ സാമൂഹമാധ്യമങ്ങൾ ഉപയോഗിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top