11 December Wednesday
3 ദിവസത്തിനകം വാർത്ത തിരുത്തുകയോ 
പിൻവലിക്കുകയോ ചെയ്യണം

എസ്‌ഡിപിഐ ബന്ധമെന്ന്‌ നുണവാർത്ത ; മനോരമയ്ക്ക് സിപിഐ എം വക്കീൽനോട്ടീസയച്ചു

പ്രത്യേക ലേഖകൻUpdated: Saturday Nov 30, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ നാല്‌ തദ്ദേശഭരണ സ്ഥാപനങ്ങളിൽ എസ്‌ഡിപിഐ പിന്തുണയോടെയാണ്‌  എൽഡിഎഫ്‌ ഭരിക്കുന്നതെന്ന നുണ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ ദിനപത്രത്തിന്‌ സിപിഐ എം വക്കീൽ നോട്ടീസ്‌ അയച്ചു.

മലയാള മനോരമ കമ്പനി, പ്രിന്റർ ആൻഡ്‌ പബ്ലിഷർ ജേക്കബ്ബ്‌ മാത്യു, ചീഫ്‌ എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്‌ മാത്യു, മാനേജിങ്‌ എഡിറ്റർ ജേക്കബ്ബ്‌ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ്‌ പനച്ചിപ്പുറം എന്നിവർക്കെതിരെയാണ്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ്‌ അയച്ചത്‌. കൈപ്പറ്റി മൂന്നു ദിവസത്തിനകം വാർത്ത തിരുത്തുകയോ പിൻവലിക്കുകയോ ചെയ്തില്ലെങ്കിൽ സിവിൽ–-ക്രിമിനൽ നടപടികളിലേക്ക്‌ കടക്കുമെന്ന്‌ അഡ്വ. എം രാജഗോപാലൻ നായർ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി.

തിരുവനന്തപുരം നഗരൂർ ഗ്രാമപഞ്ചായത്ത്‌, പത്തനംതിട്ട നഗരസഭ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്‌, പാലക്കാട്‌ ഓങ്ങല്ലൂർ  ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളിൽ സിപിഐ എം എസ്‌ഡിപിഐ യുമായി ചേർന്ന്‌ ഭരിക്കുന്നെന്നായിരുന്നു നവംബർ 26ലെ വാർത്ത. നഗരൂരിലും ഓങ്ങല്ലൂരിലും എൽഡിഎഫിനാണ്‌ ഭൂരിപക്ഷം. പത്തനംതിട്ട നഗരസഭയിൽ സ്വതന്ത്രരാണ്‌ എൽഡിഎഫിനെ പിന്തുണച്ചത്‌. കോട്ടാങ്ങലിൽ രണ്ടുതവണ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴും എസ്‌ഡിപിഐ പിന്തുണച്ചതിനാൽ വിജയികളായ എൽഡിഎഫ്‌ പ്രതിനിധികൾ രാജിവച്ചു. മൂന്നാമതും രാജിവച്ചാൽ തൊട്ടടുത്തയാൾ ജയിച്ചതായി കണക്കാക്കുമെന്ന്‌   ഹൈക്കോടതി വിധിയുണ്ട്‌. തൊട്ടടുത്തയാൾ ബിജെപി പ്രതിനിധിയാണ്‌. ബിജെപിക്ക്‌ ഭരണം ലഭിക്കരുതെന്നത്‌ എൽഡിഎഫിന്റെ രാഷ്‌ട്രീയ നിലപാടാണ്‌. ഈ വസ്തുതകളും വിശദാംശങ്ങളും വ്യക്തമാക്കാതെ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധത്തിലാണ്‌ മനോരമ വാർത്ത കൊടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top