16 April Friday

ആർഎസ‌്എസ‌് പ്രവർത്തകന്റെ കൊല: 
8 എസ‌്ഡിപിഐക്കാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


ചേർത്തല
വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ എട്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. കൊലപാതകത്തെ തുടർന്ന്‌ ബിജെപി ആഹ്വാനംചെയ്‌ത ഹർത്താലിൽ ചേർത്തല നഗരത്തിലെ കടകൾ തകർത്തു. രണ്ട്‌ വീടുകളും തകർത്തിട്ടുണ്ട്‌. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ മൂന്ന് ദിവസത്തേക്ക് കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബുധനാഴ‌്ച രാത്രി എട്ടിന്‌ നാഗംകുളങ്ങര കവലയിൽ ആർഎസ‌്എസും എസ‌്ഡിപിഐയും ഏറ്റുമുട്ടലിനിടെയാണ്‌ ശിക്ഷക് പ്രമുഖ് നന്ദുക‌ൃഷ‌്ണ(22) കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകൻ കെ എസ് നന്ദുവിന്റെ കൈയ്യറ്റു.

ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി ഏഴാം വാർഡ് ദാറുൽസിറ യാസർ (32), വയലാർ നാലം വാർഡ് മുക്കാത്ത‌് വീട്ടിൽ അബ‌്ദുൾഖാദർ (52), എഴുപുന്ന ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ അൻസിൽ (33), പാണാവള്ളി ആറാം വാർഡ് വെളിംപറമ്പിൽ റിയാസ് (38), അരൂർ പഞ്ചായത്ത‌് 12–--ാം വാർഡ് വരേകാട് നിഷാദ് (32), ചേർത്തല നഗരസഭ 30–--ാം വാർഡ് വെളിച്ചിറ ഷാബുദീൻ (49) എന്നിവരാണ് പിടിയിലായത്. കൊലയ്‌ക്ക്‌ ഉപയോഗിച്ച രണ്ട് വാളും കണ്ടെടുത്തു. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ 12 വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. ജില്ലാ പൊലീസ് മേധാവി വി ജയദേവിന്റെ നേത‌ൃത്വത്തിൽ സ്ഥലത്ത് കനത്ത പൊലീസ് കാവലേർപ്പെടുത്തി.

സംഘർഷമുണ്ടാക്കിയത്‌
ബിജെപി: എസ്‌ഡിപിഐ
ആലപ്പുഴ വയലാറിൽ പ്രകോപനം സൃഷ്ടിച്ചത്‌ ബിജെപി–-ആർഎസ്എസ് പ്രവർത്തകരാണെന്ന്‌ എസ്‌ഡിപിഐ. എസ്ഡിപിഐ പ്രകടനത്തിനുനേരെ മാരകായുധങ്ങളുമായി ആർഎസ്എസ് സംഘം അക്രമം നടത്തുകയായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുൾ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘർഷത്തിനിടെ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്‌ ദുരൂഹമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപി ശ്രമം–- അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top